
കൊല്ലം: ഒന്നരയാഴ്ചയോളം നീണ്ടുനിന്ന നിയന്ത്രണം ഞായറാഴ്ച അവസാനിച്ചിട്ടും കൊല്ലം തീരത്തെ ദുരിതത്തിന് അയവില്ല. കരയിലെ തടസം നീങ്ങിയപ്പോൾ കടൽ കലിയിളകി നിൽക്കുകയാണ്. ശക്തമായ കാറ്റ് കാരണം വളരെ കുറച്ച് വള്ളങ്ങൾ മാത്രമാണ് കടലിൽ പോയത്. പോയവരുടെ വലകളിൽ കാര്യമായി ഒന്നും കുടുങ്ങിയതുമില്ല.
വള്ളം 50 കിലോ മീറ്റർ സഞ്ചരിക്കുമ്പോൾ നാലായിരം രൂപയുടെ മണ്ണെണ്ണ കത്തും. കുറഞ്ഞത് ആറായിരം രൂപയുടെ മത്സ്യം കിട്ടിയാലെ തൊഴിലാളികൾക്ക് അഞ്ഞൂറ് രൂപ വീതമെങ്കിലും എടുക്കാൻ കിട്ടൂ. പക്ഷെ ഇന്നലെ കൊല്ലം തീരത്ത് നിന്ന് പോയ ഒട്ടുമിക്ക വള്ളങ്ങൾക്കും കഷ്ടിച്ച് ആയ്യായിരം രൂപയാണ് കിട്ടിയത്. ചില വള്ളങ്ങൾക്ക് എണ്ണ കാശ് പോലും മുതലായില്ല. അയലയാണ് കൂടുതലും വലയിൽ കൊരുത്തത്. എല്ലാ വള്ളക്കാരും അയല കൊണ്ടുവന്നതിനാൽ വിലയും കാര്യമായി കയറിയില്ല. 150 മുതൽ 160 രൂപ വരെയായിരുന്നു കിലോയ്ക്ക് വില.
കർശന നിയന്ത്രണങ്ങളോടെയാണ് കൊല്ലം തീരത്തെ അഞ്ച് ലാൻഡിംഗ് സെന്ററുകളിലും മത്സ്യബന്ധനം പുനരാരംഭിച്ചത്. കടലിൽ പോകുന്ന എല്ലാ തൊഴിലാളികളും വള്ളങ്ങളുടെ രജിസ്റ്റർ നമ്പർ സഹിതം ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പൊലീസോ, ഫിഷറീസോ പരിശോധിക്കുമ്പോൾ രജിസ്റ്റർ ചെയ്യാത്ത തൊഴിലാളിയെ കണ്ടാൽ പിഴ ചുമത്തും. ഓരോ ഹാർബറിൽ നിന്നും പുറപ്പെടുന്ന വള്ളങ്ങൾ അതാതിടങ്ങളിൽ തന്നെ അടുക്കണമെന്നും കർശന നിർദ്ദേശമുണ്ട്. ഒരിടത്ത് മാത്രം വള്ളങ്ങൾ അടുക്കുമ്പോൾ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാനാണ് ഈ നിയന്ത്രണം കർശനമാക്കിയത്. ഹാർബറിനുള്ളിലേക്ക് മത്സ്യം വാങ്ങാൻ പ്രവേശിക്കുന്ന കച്ചവടക്കാർക്ക് ഉള്ളിൽ ചെലവഴിക്കാവുന്ന സമയവും പരിമിതപ്പെടുത്തിയിട്ടുണ്ട്.
 വടക്കൻ തീരദേശം ദുരിതത്തിൽ
കൊവിഡ് ഭീതിയെ തുടർന്ന് അടച്ച ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ ഹാർബറുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തതിനാൽ ജില്ലയുടെ വടക്കൻ തീരദേശമേഖല ഇപ്പോഴും ദുരിതത്തിലാണ്. ശക്തികുളങ്ങര, നീണ്ടകര, ചവറ, പന്മന പ്രദേശങ്ങളിൽ കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞെങ്കിലും അഴീക്കൽ തീരദേശത്ത് രോഗ വ്യാപനം തുടരുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഒടുവിൽ 62 പേർക്ക് രോഗം സ്ഥിരീകരിച്ച അഴീക്കലിൽ തിങ്കളാഴ്ചത്തെ കണക്കിൽ അത് 41 ആയി കുറഞ്ഞത് ആശ്വാസമാണെങ്കിലും ഹാർബർ തുറക്കാൻ അനുവദിച്ചാൽ കൊവിഡ് വീണ്ടും കുതിച്ചുയരുമെന്ന ഭീതിയിലാണ് അധികൃതർ.
 ഹാർബറുകളുടെ പ്രവർത്തനം
1. ഈമാസം 18 വരെ മാത്രമാണ് ഹാർബർ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്
2. കൊല്ലം തീരത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയോ ഹാർബറിൽ നിയന്ത്രണങ്ങളുടെ ലംഘനമോ ഉണ്ടായാൽ വീണ്ടും അടയ്ക്കും
3. 18ന് സ്ഥിതി വിലയിരുത്തിയ ശേഷം തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കും
4. ഹാർബറിനോട് അടുത്ത സ്ഥലങ്ങളിൽ കൊവിഡ് നിയന്ത്രണ വിധേയമാകാത്തതിനാൽ അഴീക്കൽ, നീണ്ടകര, ശക്തികുളങ്ങര ഹാർബറുകൾ ഉടൻ തുറക്കില്ല
''
മത്സ്യത്തൊഴിലാളികൾ, ട്രേഡ് യൂണിയനുകൾ, ഫിഷിംഗ് ബോട്ടുടമാ പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവരുടെ യോഗം ചേർന്നു. അഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് ക്രമീകരണം ഏർപ്പെടുത്തി. ഒരുദിവസം മുപ്പത് വള്ളത്തിനും ബോട്ടിനും വീതമേ കടലിൽ പോകാൻ അനുവാദമുള്ളൂ.
ഗോപകുമാർ
കരുനാഗപ്പള്ളി പൊലീസ് അസി. കമ്മിഷണർ