
കൊല്ലം: കഴിഞ്ഞ തവണത്തെ വമ്പൻ പരാജയത്തെ മറികടക്കുകയെന്ന വെല്ലുവിളിയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിടുന്നത്. 68 പഞ്ചായത്തുകളിലെ 11 ഇടത്ത് അധികാരം നേടിയെന്നൊഴിച്ചാൽ എടുത്ത് പറയാൻ ഒന്നുമില്ലാത്ത സമ്പൂർണ പരാജയമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേരിട്ടത്.
2015 ആവർത്തിച്ചാൽ ആറ് മാസങ്ങൾക്കപ്പുറം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതീക്ഷകൾക്ക് വകയില്ലാതാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തകർച്ചയ്ക്ക് പിന്നാലെ ജില്ലയിലെ 11 നിയമസഭാ സീറ്റുകളും യു.ഡി.എഫിനെ കൈവിട്ടിരുന്നു. നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടം എന്ന തരത്തിലാണ് ജില്ലയിലെ കോൺഗ്രസ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. അതിനായി ആഴ്ചകൾക്ക് മുമ്പ് തന്നെ വാർഡ് കമ്മിറ്റികളെ സജീവമാക്കിയിരുന്നു.
തർക്കങ്ങൾ, റിബൽ ഭീഷണികൾ എന്നിവ ഇല്ലാത്ത വാർഡുകളിലൊക്കെ വാർഡ് കമ്മിറ്റികൾ കൂടി സ്ഥാനാർത്ഥികളെ തീരുമാനിച്ചു. വാർഡ് കമ്മിറ്റികളുടെ തീരുമാനം ഫേസ് ബുക്കിലൂടെ പുറത്തുവിട്ട പ്രാദേശിക നേതാക്കൾ അനൗദ്യോഗിക പ്രചാരണങ്ങളും തുടങ്ങി. കൂടുതൽ പഞ്ചായത്തുകളിൽ അധികാരം നേടി തിരിച്ച് വന്നേ മതിയാകൂ എന്ന വികാരം കോൺഗ്രസിൽ സജീവമാണ്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ സാദ്ധ്യമായിടത്തെല്ലാം അധികാരം നേടണമെന്നും അവർ ആഗ്രഹിക്കുന്നു.
ബി.ജെ.പി കൂടി വെല്ലുവിളി ഉയർത്താൻ സാദ്ധ്യതയുള്ള തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ എളുപ്പമാകില്ലെന്ന തിരിച്ചറിവിലാണ് മുൻകൂട്ടി പ്രവർത്തനങ്ങൾ തുടങ്ങിയത്. പരമാവധി തർക്കങ്ങൾ ഒഴിവാക്കണമെന്നും തോറ്റാൽ അതിന്റെ അലയൊഴി ഉടനെയെങ്ങും അവസാനിക്കില്ലെന്നും പ്രാദേശിക നേതൃത്വത്തിന് ഡി.സി.സി നിർദേശം നൽകിയിട്ടുണ്ട്.
കൊല്ലം കോർപറേഷൻ രൂപീകരിച്ചിട്ട് ഇന്നേ വരെ അധികാരത്തിലെത്താൻ യു.ഡി.എഫിനായിട്ടില്ല. ജില്ലാ പഞ്ചായത്തിലും അധികാരത്തിന് പുറത്ത് നിൽക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ജില്ലാ പഞ്ചായത്തും കൊല്ലം കോർപ്പറേഷനും രാഷ്ട്രീയ അധികാരത്തിന്റെ അടയാളങ്ങളായ ജില്ലയിൽ രണ്ടിടത്തും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേരിട്ടുള്ള ഏകോപനത്തിലാണ് സ്ഥാനാർത്ഥി നിർണയവും പ്രവർത്തനങ്ങളും.
കഴിഞ്ഞ തവണ കോർപ്പറേഷനും ജില്ലാ പഞ്ചായത്തുമടക്കം ജില്ലയിലെ 88 തദ്ദേശ സ്ഥാപനങ്ങളിൽ 11 ഇടത്ത് മാത്രമാണ് എൽ.ഡി.എഫ് അധികാരത്തിന് പുറത്ത് നിന്നത്. അതിനേക്കാൾ വിജയം ഇത്തവണ നേടണമെന്ന വികാരത്തിലാണ് ഇടത് നേതൃത്വം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കോർപ്പറേഷൻ മേയർ, മുനിസിപ്പാലിറ്റി ചെയർപേഴ്സൺ, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ ആരാകണമെന്ന കാര്യത്തിൽ പോലും ഗൗരവമായ ചർച്ച സി.പി.എമ്മിൽ ഏതാണ്ട് പൂർത്തിയായി. 85 ഇടത്തും അധികാരം പിടിക്കുകയെന്ന ലക്ഷ്യത്തിലാണ് നീങ്ങുന്നതെന്ന് ഇതിലൂടെ വ്യക്തം.