
കൊല്ലം: നഗരഹൃദയത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ആശ്രാമം ലിങ്ക് റോഡ് ഓലയിൽക്കടവിലേക്ക് നീട്ടുന്ന പദ്ധതി അടുത്ത മാർച്ചിൽ പൂർത്തിയാകും. അടുത്തമാസം വരെയായിരുന്നു നിർമ്മാണ കാലാവധി നീട്ടിനൽകിയിരുന്നത്. ലോക്ക്ഡൗണിന് പിന്നാലെ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതോടെ നിർമ്മാണം തടസപ്പെട്ടതിനാലാണ് കാലാവധി വീണ്ടും നീണ്ടത്. നിലവിൽ പദ്ധതിയുടെ 75 ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ നിന്ന് 1.4 കി മീറ്റർ നീളത്തിലാണ് ലിങ്ക് റോഡിന്റെ മൂന്നാംഘട്ട നിർമ്മാണം. ഇതിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ നിന്ന് 80 മീറ്റർ നീളത്തിൽ മാത്രമാണ് റോഡുള്ളത്. പിന്നീട് 1100 മീറ്റർ നീളത്തിൽ ഫ്ലൈ ഓവറാണ്. ഇതിനുള്ള 158 പൈലുകളുടെയും പൈൽ കാപ്പ്, പിയർ, പിയർ ഹെഡ് എന്നിവയുടെയും നിർമ്മാണം പൂർത്തിയായി. ഉപരിതലത്തിലുള്ള ഡെക്ക് സ്ലാബുകളുടെ കോൺക്രീറ്റിംഗ് പുരോഗമിക്കുകയാണ്. ഏകദേശം 500 മീറ്റർ നീളത്തിൽ ഡെക്ക് സ്ലാബും പൂർത്തിയായിട്ടുണ്ട്.
രണ്ട് വശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാത സഹിതം 11 മീറ്ററാണ് ഫ്ലൈ ഓവറിന്റെ വീതി. ഫ്ലൈ ഓവറിനെ തോപ്പിൽക്കടവിൽ ദേശീപാതയുമായി ബന്ധിപ്പിക്കുന്ന 90 മീറ്റർ നീളത്തിലുള്ള അപ്രോച്ച് റോഡും പദ്ധതിയിലുണ്ട്. രണ്ട് റോഡുകളുടെയും നിർമ്മാണം അവസാനഘട്ടത്തിലേ ഉണ്ടാകൂ. 114 കോടിയുടെ എസ്റ്റിമേറ്റാണ് പദ്ധതിക്കായി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിരുന്നത്. എന്നാൽ എസ്റ്റിമേറ്റ് തുകയെക്കാൾ കുറച്ച് 103 കോടിക്കാണ് കരാറൊപ്പിട്ടത്.
തോപ്പിൽ കടവിലേക്കുള്ള ടെണ്ടർ ഉടൻ
ലിങ്ക് റോഡ് ഓലയിൽക്കടവിൽ നിന്ന് തോപ്പിൽ കടവിലേക്ക് നീട്ടുന്ന നാലാംഘട്ട വികസനത്തിന്റെ രൂപരേഖ കിഫ്ബിയുടെ പരിഗണനയിലാണ്. വൈകാതെ പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭ്യമാക്കി മൂന്ന് മാസത്തിനുള്ളിൽ ടെണ്ടർ നടപടി ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നാലാംഘട്ട വികസനത്തിന് കിഫ്ബിയിൽ നിന്ന് 150 കോടി രൂപ 2017-18ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
ലിങ്ക് റോഡ് മൂന്നാംഘട്ടം
നീളം: 1.4 കി. മീ
ഫ്ലൈ ഓവർ നീളം: 1100 മീറ്റർ
നിർമ്മാണ ചെലവ്: 103കോടി
പൂർത്തിയായത്: 75 ശതമാനം