 
അഞ്ചൽ: അഞ്ചലിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടർ അബ്ദുൽ നാസറും കൊല്ലം റൂറൽ എസ്.പി ഹരിശങ്കറും അഞ്ചൽ മേഖലയിൽ പരിശോധന നടത്തി. രാവിലെ മാർക്കറ്റ് ജംഗ്ഷനിൽ നിന്നാരംഭിച്ച പരിശോധന ആർ.ഒ ജംഗ്ഷനിലാണ് സമാപിച്ചത്. അഞ്ചൽ ടൗണിലെ മിക്ക കടകളിലും നിരീക്ഷണം നടത്തി. ബാങ്കുകളിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ബാങ്ക് മാനേജർമാർക്ക് നിർദ്ദേശം നൽകി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, ആർ.ഡി.ഒ ശശികുമാർ, പുനലൂർ ഡിവൈ.എസ്.പി. അനിൽദാസ്, അഞ്ചൽ സി.ഐ. എൽ. അനിൽകുമാർ തുടങ്ങിയവരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. വ്യാപാര സ്ഥാപനങ്ങളിൽ കൊവിഡ് പ്രതിരോധ നിയമങ്ങൾ കർശനമായി പാലിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ കളക്ടർക്കും എസ്.പി.ക്കും ഉറപ്പുനൽകി.