 
പുനലൂർ: തെന്മല ഇക്കോ ടൂറിസം മേഖല ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. കൊവിഡ് വ്യാപനത്തെ തുറന്ന് ഏഴ് മാസം മുൻപാണ് വിനോദ സഞ്ചാര മേഖല അടച്ചുപൂട്ടിയത്. കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റുകേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കാമെന്ന സർക്കാർ ഉത്തരവിനെ തുടർന്നാണ് തെന്മല ഇക്കോ ടൂറിസം മേഖല നാളെ പൂർണമായും തുറക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരികൾക്ക് നൽകേണ്ട സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് ജീവനക്കാർക്ക് കൃത്യമായ മാർഗ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് മാത്രമേ ടൂറിസം മേഖല തുറന്ന് പ്രവർത്തിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. വിദേശ വിനോദ സഞ്ചാരികൾക്ക് പ്രവേശനം നൽകുന്നത് താത്കാലിമായി നിരോധിച്ചിട്ടുണ്ട്.
രാവിലെ 9 മുതൽ രാത്രി 8.30 വരെ
എല്ലാ ദിവസും രാവിലെ 9 മുതൽ രാത്രി 8.30 വരെയാണ് പ്രവർത്തന സമയം. ഒരാൾക്ക് 480 രൂപയുടെ ഫുൾ പാക്കേജ് ടിക്കറ്റുകളാണ് നൽകുക. വാട്ടർ ഫൗണ്ടൻ, അഡ്വഞ്ച്വർ സോൺ, ബോട്ട് യാത്ര അടക്കമുളള ഓരോ ഇനത്തിനും പ്രത്യേകമായി ടിക്കറ്റുകൾ നൽകില്ല. ഓൺലൈനായും കൗണ്ടർ വഴിയും ടിക്കറ്റുകൾ വിതരണം ചെയ്യും. പ്രവേശന കവാടത്തിൽ എത്തുന്ന ടൂറിസ്റ്റുകളെ താപനില പരിശോധിച്ച ശേഷമേ ഉള്ളിലേക്ക് കടത്തി വിടൂ. പനിയുള്ളവരെ മടക്കി അയയ്ക്കും. ടൂറിസ്റ്റ് കേന്ദ്രത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ സാനിറ്റൈസർ അടക്കമുള്ള സാധനങ്ങൾ സൗജന്യമായി നൽകും.
 കുട്ടികൾക്കും മുതിർന്നവർക്കും പ്രവേശനമില്ല
10 വയസിന് താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവർക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയാണ് ടൂറിസം മേഖല പൂർണമായും തുറക്കുന്നത്. വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന ടൂറിസ്റ്റുകൾ ഒരാഴ്ചയ്ക്കുളളിൽ മടങ്ങി പോയില്ലെങ്കിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അധികൃതർ അറിയിച്ചു.
കർശന നിയന്ത്രണങ്ങൾ
നേരത്തേ ഒരു ദിവസം ഒരു സോണിൽ 180 പേർക്ക് പ്രവേശനം നൽകിയിരുന്ന വിനോദസഞ്ചാര കേന്ദ്രത്തിൽ നാളെ മുതൽ 50 പേർക്ക് മാത്രമേ ഒരു സോണിൽ പ്രവേശനാനുമതി നൽകൂ. 25 പേർ യാത്ര ചെയ്തിരുന്ന ഉല്ലാസ ബോട്ടിൽ 15 പേർക്ക് മാത്രമേ നിലവിൽ യാത്രാനുമതി നൽകൂ. ഓരോ യാത്രകൾക്ക് ശേഷവും ബോട്ടുകളും സോണുകളും ശുചീകരിച്ച് അണു വിമുക്തമാക്കിയ ശേഷമേ അടത്ത ടീമിനെ പ്രവേശിപ്പിക്കൂ.
തെന്മല ശെന്തുണി വന്യജീവി സങ്കേതവും സമീപത്തെ ആര്യങ്കാവ് പാലരുവി ടൂറിസ്റ്റ് കേന്ദ്രവും ഉടൻ തുറന്ന് പ്രവർത്തിക്കില്ല
സജു, നെബു
ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർമാരാർ