sp
കരവാളൂർ പഞ്ചായത്തിലെ നീലമ്മാൾ വാർഡിൽ കൊവിഡ് ബാധിച്ചു ഗൃഹ ചികിത്സയിൽ കഴിയുന്ന രോഗികളുടെ ബുദ്ധിമുട്ട് ജില്ലാ കളക്ടർ അബ്ദുൽ നാസർ നേരിട്ടെത്തി വിലയിരുത്തിയ ശേഷം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു. റൂറൽ പൊലീസ് സൂപ്രണ്ട് ഹരിശങ്കർ, പുനലൂർ ആർ.ഡി.ഒ.ബി.ശശികുമാർ, കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് വി. രാജൻ തുടങ്ങിയവർ സമീപം

പുനലൂർ: കരവാളൂർ പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ച് ഗൃഹചികിത്സയിൽ കഴിഞ്ഞിരുന്ന രോഗികളെ വീട്ടിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ അഞ്ചൽ ഗവ. ഈസ്റ്റ് ഹൈസ്കൂളിലെ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാൻ ജില്ലാ കളക്ടർ അബ്ദുൽ നാസർ പുനലൂർ ആർ.ഡി.ഒ.ബി.ശശികുമാറിന് നിർദ്ദേശം നൽകി. പുനലൂർ താലൂക്കിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം. പ്രദേശവാസികളിൽ ചിലരാണ് കരവാളൂർ നീലമ്മാൾ വാർഡിൽ വീട്ടിൽ കഴിയുന്ന കൊവിഡ് രോഗികളുടെ വിവരം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഒരു കുടുംബത്തിലെ ഗൃഹനാഥനടക്കം നാല് പേർ വീട്ടിൽ ചികിത്സയിൽ കഴിഞ്ഞു വരുകയാണ്. ഇവർക്ക് ഉപയോഗിക്കാൻ വീടിന് പുറക്ക് ഒരു കക്കൂസ് മാത്രമാണുള്ളതെന്ന് കളക്ടറെ നാട്ടുകാർ അറിയിച്ചു. കളക്ടർ നീലമ്മാൾ വാർഡിലെ രോഗികൾ താമസിക്കുന്ന വിട് സന്ദർശിച്ച ശേഷമാണ് ഇവർ ഉൾപ്പെടെ സമീപത്തെ വീടുകളിൽ കഴിയുന്ന രോഗികളെ ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിക്കാൻ ആർ.ഡി.ഒക്ക് നിർദ്ദേശം നൽകിയത്. 14രോഗികളെ ഇന്ന് അഞ്ചലിലെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ആർ.ഡി.ഒ അറിയിച്ചു. റൂറൽ പൊലീസ് സൂപ്രണ്ട് ഹരിശങ്കർ, പുനലൂർ ആർ.ഡി.ഒ.ബി.ശശികുമാർ, പുനലൂർ ഡിവൈ.എസ്.പി.അനിൽദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജ്ഞു സുരേഷ് തുടങ്ങിയവരും ജില്ലാ കളക്ടർക്കൊപ്പം പരിശോധനയിൽ പങ്കെടുത്തു.