dabin

കൊല്ലം: പ്രളയകാലത്ത് നിരവധിപേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ മത്സ്യത്തൊഴിലാളിയായ യുവാവ് സ്വന്തം ജീവൻ തിരിച്ചുപിടിക്കാൻ കേഴുന്നു. കൊല്ലം പള്ളിത്തോട്ടം സ്നേഹതീരം നഗർ 74ൽ ഡെബിൻ ഡേവിഡാണ് (29) തകരാറിലായ ഹൃദയവാൽവ് മാറ്റിവയ്ക്കാൻ സുമനസുകളുടെ സഹായം തേടുന്നത്.

മത്സ്യബന്ധനത്തിലൂടെ കുടുംബം പുല‌ർത്തിയിരുന്ന ഡെബിന് ജോലിചെയ്യാനാകാത്ത വിധം അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൃദയവാൽവിന് തകരാറുള്ളതായി കണ്ടെത്തിയത്. ഇനിയുള്ള ഏകപോംവഴി ഹൃദയവാൽവ് മാറ്റിവയ്ക്കുക മാത്രമാണ്. എട്ട് ലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ ഉഴലുകയാണ് ഡെബിനും കുടുംബവും.

വൃദ്ധമാതാവും ഭാര്യയും മൂന്ന് പിഞ്ച് പെൺകുഞ്ഞുങ്ങളും കരൾ രോഗിയായ അനുജനും ഉൾപ്പെടെയുള്ള കുടുംബത്തിന്റെ ഏക അത്താണിയാണ് ഡെബിൻ. മത്സ്യത്തൊഴിലാളിയായിരുന്ന പിതാവ് ഡേവിഡ് മരണപ്പെട്ടതോടെ കുടുംബവീട് വിൽക്കേണ്ടിവന്ന ഡെബിനും കുടുംബവും കടപ്പുറത്തെ പുറമ്പോക്കിലാണ് താമസം. പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനിടെ തകരാറ് സംഭവിച്ച പഴയ വള്ളത്തിന് പകരം മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ നിന്ന് വായ്പയെടുത്ത് മറ്രൊരു വള്ളം വാങ്ങിയ ഡെബിൻ കടങ്ങൾ വീട്ടി നല്ലൊരു ജീവിതത്തിനായി പരിശ്രമിക്കുന്നതിനിടെയാണ് രോഗം വില്ലനായെത്തിയത്.

ഡെബിന് വേണ്ടി ചികിത്സാ സഹായസമിതി രൂപീകരിച്ച് ചിന്നക്കടയിലെ എസ്.ബി.ഐ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. ചികിത്സയ്ക്കാവശ്യമായ പണം ലഭിച്ചാലുടൻ തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. മഹാപ്രളയത്തിലെ രക്ഷകനായ ഡെബിനെ നാടും നാട്ടുകാരും കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. അക്കൗണ്ട് നമ്പർ: 20219740552. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എൻ 0000903. ഫോൺ: 9388779578, 9746191541.

 കേരളത്തിന്റെ സ്വന്തം രക്ഷകൻ

2018ലെ മഹാപ്രളയകാലത്ത് തന്റെ വള്ളവുമായി ചെങ്ങന്നൂർ, തിരുവല്ല മേഖലയിൽ ദിവസങ്ങളോളം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഡെബിന് വെള്ളത്തിനടിയിലായ മുള്ളുവേലിയിൽ കുരുങ്ങി വയറിനും മറ്റും സാരമായി പരിക്കേറ്റിരുന്നു. വള്ളത്തിനും കേടുപാടുണ്ടായി. മാതൃകാപരമായ രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രി,​ രാഹുൽഗാന്ധി,​ ചീഫ് സെക്രട്ടറി,​ ജില്ലാ കളക്ടർ എന്നിവർ നൽകിയ ആദരവും പ്രശംസാപത്രവും അമൂല്യനിധികളായി സൂക്ഷിച്ചിട്ടുണ്ട് ഈ യുവാവ്.