train

 സർവീസ് റഗുലറാകുമ്പോൾ സ്റ്രോപ്പുകൾ പുനഃസ്ഥാപിക്കുമോ?

കൊല്ലം: ലോക്ക് ഡൗണിന് ശേഷം കൊവിഡ് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചതിന് പിന്നാലെ ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ വെട്ടിക്കുറച്ച റെയിൽവേയുടെ നടപടിയിൽ അനിശ്ചിതത്വം തുടരുന്നു.

സ്പെഷ്യൽ ട്രെയിനുകളുടെ ലാഭകരമല്ലാത്ത സ്റ്റോപ്പുകളാണ് റദ്ദാക്കിയതെന്ന റെയിൽവേയുടെ പുതിയ വിശദീകരണമാണ് ആശയക്കുഴപ്പത്തിന് കാരണം. സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളും ദൂരസ്ഥലങ്ങളിൽ സ്ഥിരമായി ജോലിക്ക് പോയിവന്നവരുമുൾപ്പെടെ ലക്ഷക്കണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്ന ഒരു ഡസനോളം ട്രെയിനുകൾക്കാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഒറ്റയടിക്ക് സ്റ്റോപ്പില്ലാതായത്.

കൊവിഡിന് ശേഷം റഗുലർ സർവീസ് ആരംഭിക്കുമ്പോൾ മുമ്പുണ്ടായിരുന്ന എല്ലാ സ്റ്റോപ്പുകളിലും ട്രെയിനുകൾ നിറുത്തുമെന്നാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജരുടെ പ്രതികരണം. റെയിൽവേയുടെ അടുത്ത വർഷത്തേക്കുള്ള ടൈംടേബിൾ പ്രസിദ്ധീകരിക്കുമ്പോഴേ ട്രെയിനുകളുടെ സമയത്തിലോ സ്റ്റോപ്പുകളിലോ മാറ്രമുണ്ടാകൂ എന്നാണ് അദ്ദേഹം വെളിപ്പെടുത്തൽ.

ഇപ്പോൾ സർവീസ് നടത്തുന്ന തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്സ് പ്രസിന്റെ മയ്യനാട്ടെ സ്റ്റോപ്പ് റദ്ദാക്കിയത് സ്പെഷ്യൽ ട്രെയിനായി സർവീസ് നടത്തുന്നതിന്റെ പേരിലാണെന്നാണ് റെയിൽവേയുടെ വെളിപ്പെടുത്തൽ. എന്നാൽ വേണാടിന്റെ സ്റ്റോപ്പ് റദ്ദാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുകയും എൻ.കെ പ്രേമചന്ദ്രൻ എം.പി വിഷയത്തിൽ ഇടപെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ സ്റ്റോപ്പ് പുനഃസ്ഥാപിക്കാമെന്ന് റെയിൽവേ ബോർഡ് അറിയിച്ചിട്ടുണ്ട്.

 ആവശ്യം ഉയരുമ്പോൾ അവഗണന

ഏറ്റവുമധികം യാത്രക്കാർ വന്നുപോകുന്ന കരുനാഗപ്പള്ളി,​ ശാസ്താംകോട്ട,​ പെരിനാട്,​ പരവൂർ റെയിൽവേ സ്റ്റേഷനുകളിൽ മിക്ക ട്രെയിനുകളുടെയും സ്റ്റോപ്പ് റദ്ദാക്കിയാണ് കഴിഞ്ഞമാസം റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയത്. ഇവിടങ്ങളിൽ സൂപ്പ‌ർഫാസ്റ്റ് ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് വേണമെന്ന് ആവശ്യമുയരുമ്പോഴാണ് സ്റ്റോപ്പുകൾ റദ്ദാക്കിയത്. ഭീമമായ തുക ബസ് ചാ‌ർജ് നൽകിയോ ഓട്ടോ,​ ടാക്സി വാഹനങ്ങളെ ആശ്രയിച്ചോ യാത്ര ചെയ്യാവുന്ന സാമ്പത്തിക സാഹചര്യമല്ല നാട്ടിലുള്ളത്. സ്റ്റോപ്പുകൾ റദ്ദാക്കുന്നതിനെതിരെ എം.പിമാർ പാർലമെന്റിൽ ശബ്ദം ഉയർത്തുകയും റെയിൽവേ മന്ത്രാലയത്തിന് നിവേദനം നൽകുകയും ചെയ്തെങ്കിലും ഔദ്യോഗിക പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിൽ ജനപ്രതിനിധികളും സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

 ട്രെയിനുകളും ജില്ലയിൽ റദ്ദായ സ്റ്റോപ്പുകളും

നേത്രാവതി ​- കരുനാഗപ്പള്ളി

ജയന്തിജനത ​- കരുനാഗപ്പള്ളി,​ പരവൂർ

ശബരി - കരുനാഗപ്പള്ളി

ഐലന്റ് - പരവൂർ,​ ശാസ്താംകോട്ട

പരശുറാം - പരവൂർ,​ ശാസ്താംകോട്ട

ഇന്റർസിറ്റി - മയ്യനാട്

വഞ്ചിനാട് - കരുനാഗപ്പള്ളി,​ ശാസ്താംകോട്ട,​ പരവൂർ

മാവേലി - കരുനാഗപ്പള്ളി

തിരു. - മംഗലപുരം എക്സ്‌പ്രസ്- മയ്യനാട്

പുനലൂർ- ഗുരുവായൂർ- കുര,​ കിളികൊല്ലൂർ,​ പെരിനാട്

കൊല്ലം - വിശാഖപട്ടണം- ശാസ്താംകോട്ട

''

കഴിഞ്ഞമാസം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പേരിലാണ് സ്റ്റോപ്പുകൾ റദ്ദാക്കിയത്. കൊവിഡ് കാലത്ത് സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് മാത്രമാണ് ഇത് ബാധകം.

തിരുവനന്തപുരം റെയിൽവേ

ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ