തകർന്നടിഞ്ഞ് ഓടനാവട്ടം കട്ടയിൽ ചൂലാ - പാലക്കോട്ട് ദേവീ ക്ഷേത്രം റോഡ്
ഓടനാവട്ടം: വെളിയം പഞ്ചായത്തിൽ ഉൾപ്പെട്ട കട്ടയിൽ വാർഡിലെ ചൂലാ-പാലക്കോട്ട് ദേവീ ക്ഷേത്രം റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. 70 വർഷത്തിലധികം പഴക്കമുള്ള ഈ പഞ്ചായത്ത് റോഡാണ് ചൂലാ ഗ്രാമത്തെയും പാലയ്‌ക്കോട്ട് ദേവീ ക്ഷേത്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നത്. രണ്ട് കിലോമീറ്ററോളം ദൂരത്തിൽ റോഡ് വർഷങ്ങളായി ഗതാഗതയോഗ്യമല്ലാത്തവിധം തകർന്ന് കിടക്കുകയാണ്. തെരുവ് വിളക്കുകൾ പോലും പ്രകാശിക്കാത്ത ഈ റോഡിലേയ്ക്ക് ഒാട്ടം വിളിച്ചാൽ ടാക്‌സികളോ മറ്റു വാഹനങ്ങളോ വരാൻ തയ്യാറാകില്ലെന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങൾക്ക് മുൻപ് സ്ഥലം സന്ദർശിച്ച കൊടിക്കുന്നിൽ സുരേഷ് എം.പി തന്റെ ഫണ്ടിൽ നിന്ന് റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി 5 ലക്ഷം അനുവദിച്ചിരുന്നെങ്കിലും ആ തുക ഇതുവരെ ലഭിച്ചിട്ടില്ല.
പ്രദേശവാസികൾ പറയുന്നു
പഞ്ചായത്ത് തലങ്ങളിലും വാർഡ്, ഗ്രാമസഭാ യോഗങ്ങളിലും പല തവണ റോഡിന്റെ ശോച്യാവസ്ഥയെപ്പറ്രി പറഞ്ഞിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് പണി പൂർത്തീകരിക്കണം. ഇല്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പുകൾ ബഹിഷ്‌കരിക്കുന്നത് ഉൾപ്പടെയുള്ള സമരമാർഗങ്ങൾ സ്വീകരിക്കേണ്ടി വരും.
അപകട സാദ്ധ്യത
റോഡിനോട് ചേർന്ന് വളരെ താഴ്ചയിലാണ് ഇത്തിക്കരയാറിന്റെ തോട് സ്ഥിതി ചെയ്യുന്നത്. കൈവരികളില്ലാത്തതിനാൽ ഇവിടെ വലിയ അപകടങ്ങളുണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. മഴക്കാലമായാൽ തോടും റോഡും തിരിച്ചറിയാൻ കഴിയാത്ത തരത്തിലാണ് വെള്ളപ്പാച്ചിലുണ്ടാകുന്നത്.
നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഈ റോഡിന്റെ നവീകരണം. 10 വർഷങ്ങൾക്ക് മുൻപ് എം.പി ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ നവീകരണത്തിനായി അനുവദിച്ചതാണ്. പക്ഷേ പണി നടത്തിയില്ല. തൊട്ടടുത്ത വാർഡിന് ആ തുക ലഭിച്ചെന്നാണ് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടത്. എത്രയും പെട്ടെന്ന് റോഡ് സഞ്ചാരയോഗ്യമാക്കണം.
പി. പുഷ്പാംഗദൻ, പൊതുപ്രവർത്തകൻ, വിമുക്ത ഭടൻ
പത്തു വർഷത്തിൽ അധികമായി റോഡ് തകർന്ന് കിടക്കുകയാണ്. ബന്ധപ്പെട്ട അധികൃതർക്ക് പരാതികൾ നൽകിയിട്ടും തുടർ നടപടിയുണ്ടായിട്ടില്ല. സമീപ വാർഡുകളിൽ ടാറിങ്ങും റീ ടാറിങ്ങും നടത്തിയിട്ടുണ്ട്. ഫണ്ടില്ല എന്നാണ് വാർഡ് മെമ്പർ പറയുന്നത്. ഈ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമുണ്ടാകണം.
ഡി. വിജയകുമാർ (സമീപ വാസി )
തേക്കുവിളവീട്, കട്ടയിൽ