xl
ഇരുവശവും കാടുകയറിയ തഴവയിലെ ഉൾനാടൻ റോഡ്

 റോഡുകളുടെ സംരക്ഷണത്തിന് നടപടി വേണമെന്ന് നാട്ടുകാർ

തഴവ: തഴവയിലെ ഗ്രാമീണ റോഡുകളുടെ സംരക്ഷണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. പഞ്ചായത്തിലെ ഭൂരിഭാഗം ഉൾനാടൻ റോഡുകളുടെയും ഇരുവശങ്ങളും കാടുകയറിയ നിലയിലാണ്. ഉടഞ്ഞ ഗ്ലാസുകൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ റോഡിന് ഇരുവശവുമുള്ള കാടുകയറിയ ഭാഗത്ത് നിക്ഷേപിക്കുന്നത് പതിവാണ്. ഇവിടെ ഇഴജന്തുക്കളുടെ ശല്യവും വ്യാപകമാണ്. സ്വകാര്യ വ്യക്തികൾ റോഡുൾപ്പെട്ട സ്ഥലം കൈയേറി കൃഷിയിറക്കുന്നതും പൂച്ചെടികൾ വെച്ച് പിടിപ്പിക്കുന്നതും വാഹന യാത്രയ്ക്ക് തടസമുണ്ടാക്കുന്നുണ്ട്. കുരിശുംമൂട് - നഴ്സറി ജംഗ്ഷൻ, താഴുവേലിൽ ജംഗ്ഷൻ - കാട്ടൂർ മഠം, കല്ലേലിൽ മുക്ക് - പോസ്റ്റ് ഓഫീസ് ജംഗ്‌ഷൻ, തോണ്ടുതറ-കാട്ടൂർ മഠം, കുരിശിൻ മൂട് - ഒറ്റത്തെങ്ങിൽ ജംഗ്ഷൻ, എ.വി.എച്ച്.എസ് - കണ്ണംപള്ളി ജംഗ്‌ഷൻ തുടങ്ങി നിരവധി റോഡുകളുടെ ഇരുവശവും കാടുകയറിക്കിടക്കുകയാണ്.

റോഡിന് ഇരുവശവും സംരക്ഷിക്കണം

അഞ്ച് വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഗ്രാമീണ റോഡുകളിൽ അറ്റകുറ്റപ്പണി നടത്തുന്നത്. ഇക്കാലയളവിൽ ടാറിംഗ് ഒഴികെ റോഡിന്റെ ഇരുവശത്തുമുള്ള ഭാഗം സംരക്ഷിക്കാൻ യാതൊരു നടപടിയും അധികൃതർ സ്വീകരിക്കാറില്ല. ആദ്യഘട്ടത്തിൽ തൊഴിലുറപ്പ് പ്രവർത്തകരെ ഉപയോഗിച്ച് റോഡിനിരുവശവുമുള്ള കാട് വെട്ടിത്തെളിച്ചിരുന്നു. ഇപ്പോൾ അതുപോലും ചെയ്യാറില്ലെന്നാണ് യാത്രക്കാരുടെ പരാതി.

ബുദ്ധിമുട്ടുന്നത് കാൽനടയാത്രക്കാർ

വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള കാൽനടയാത്രക്കാർക്ക് ഒഴിഞ്ഞു നിൽക്കാൻ പോലും റോഡിൽ ഇടമില്ലാത്ത അവസ്ഥയാണ്. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ റോഡരിക് കൈയേറി മരച്ചീനി കൃഷി ഉൾപ്പടെയുള്ളവ നടത്തുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു. റോഡുകളുടെ സംരക്ഷണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

 പഞ്ചായത്തിലെ ഉൾനാടൻ റോഡുകളിൽ കൈയേറ്റം വ്യാപകമാകുന്ന സാഹചര്യമുണ്ട്. ഇത് വാഹന യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇക്കാര്യത്തിൽ കാര്യക്ഷമമായ നടപടി സ്വീകരിക്കും.

സി. ജനചന്ദ്രൻ

സെക്രട്ടറി

തഴവ ഗ്രാമ പഞ്ചായത്ത്

റോഡിന് ഇരുവശവും കാടുപിടിച്ചു കിടക്കുകയാണ്. ഗ്രാമീണ റോഡുകളുടെ പശ്ചാത്തല സംരക്ഷണം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തണം.

ബിജു പാഞ്ചജന്യം

തഴവ ബ്ലോക്ക് പഞ്ചായത്ത് അംഗം

റോഡരികിൽ കാടുപിടിച്ചതോടെ മാലിന്യ നിക്ഷേപം വ്യാപകമാണ്. സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള കാൽനടയാത്രക്കാരുടെ സുരക്ഷ അധികൃതർ ഗൗരവമായി കാണണം. മാലിന്യ നിക്ഷേപം തടയുവാൻ ശക്തമായ നടപടി വേണം.

സലീം അമ്പത്തറ

തഴവ ഗ്രാമ പഞ്ചായത്ത് അംഗം