 
കൊല്ലം: അധികാരത്തിന്റെയും അഴിമതിയുടെയും അന്ധത ബാധിച്ച പിണറായിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ പറഞ്ഞു. നോൺ അപ്രൂവൽ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാല് വർഷമായിട്ടും തൊഴിൽസ്ഥിരതയും ശമ്പളവും ലഭിക്കാത്ത അദ്ധ്യാപകർ നടത്തിയ അനിശ്ചിതകാല ഉപവാസം കൊല്ലം കളക്ടറേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമനം ലഭിച്ചിട്ടും ശമ്പളവും ജോലിസ്ഥിരതയും ലഭിക്കാത്തത് ചരിത്രത്തിൽ ആദ്യമാണ്. ഒരേസമയം വിദ്യാർത്ഥികളോടും പൊതുസമൂഹത്തോടും കാട്ടുന്ന വഞ്ചനയാണിത്. സംസ്ഥാനത്ത് അയ്യായിരത്തോളം അദ്ധ്യാപകർക്ക് സംഘടിച്ച് സമരം ചെയ്യേണ്ടിവന്നതിനെ നിസാരമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അസോ. പ്രസിഡന്റ് ഷെജീർഖാൻ വയ്യാനം അദ്ധ്യക്ഷത വഹിച്ചു. പി.ആർ. പ്രതാപചന്ദ്രൻ, വിഷ്‌ണു സുനിൽ പന്തളം, കല്ലട ഗിരീഷ്, നവാസ് റഷാദി, വിഷ്ണു വിജയൻ, കൗശിക് എം.ദാസ്, ഹർഷാദ്, ബിച്ചു കൊല്ലം, അയത്തിൽ ശ്രീകുമാർ, അമീൻ കണ്ണനല്ലൂർ, ജഗദീഷ് ആർ. നായർ തുടങ്ങിയവർ സംസാരിച്ചു.