 
പത്തനാപുരം: വിമുക്ത ഭടന്മാർക്ക് പത്തനാപുരത്ത് വിശ്രമകേന്ദ്രം നിർമ്മിക്കുന്നതിന്റെ ശിലാസ്ഥാപനം നടത്തി. കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാലിന്റെ ശ്രമഫലമായി ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിൽ കെട്ടിടം നിർമ്മിക്കുന്നത്. കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് പത്തനാപുരം യൂണിറ്റ് ജില്ലാ പഞ്ചായത്തിന് സംഭാവന നൽകിയ മഞ്ചള്ളൂരിലെ 5 സെന്റ് ഭൂമിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. നടുക്കുന്ന് ജവാൻ ശ്രീകുമാർ സ്മൃതികുടീരത്തിൽ നടന പുഷ്പാർച്ചനയ്ക്ക് ശേഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാൽ ശിലാസ്ഥാപനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്. നജീബ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എച്ച്. റിയാസ് മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിൽ കുമാർ, എസ്.എം. ഷെരീഫ്. എക്സ് സർവീസ് ലീഗ് പത്തനാപുരം താലൂക്ക് പ്രസിഡന്റ് മോഹനൻ പിള്ള, യൂണിറ്റ് പ്രസിഡന്റ് ഇ.പി. ചന്ദ്രശേഖരപിള്ള, സെക്രട്ടറി ദിലീപ്, ട്രഷറർ ഡി. കമലാസന പണിക്കർ, സി. ഗോപിനാഥൻ, ലീലാമ്മ ജോയ്ക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.