bus
രജിത്ത് നിർമ്മിച്ച സൂപ്പർഫാസ്റ്റ് ബസിന്റെ മോഡൽ

 ഒറിജിനലിനെ വെല്ലുന്ന നിർമ്മിതികൾ

പത്തനാപുരം: ഒറിജിനലിനെ വെല്ലുന്ന പൂർണതയാണ് ഈ രൂപങ്ങൾക്ക് !. കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ്,​ ടൂറിസ്റ്റ് ബസുകൾ,​ കാറുകൾ,​ ക്ഷേത്രങ്ങൾ തുടങ്ങി നിരവധി നിർമ്മിതികളാണ് ഡ്രൈവിംഗ് രംഗത്ത് ജോലിചെയ്യുന്ന കുന്നിക്കോട് കോട്ടവട്ടം സ്വദേശിയായ രജിത്തിന്റെ വീട്ടിലുള്ളത്.

ലോക്ക് ഡൗണിൽ വീട്ടിലിരുന്നപ്പോഴാണ് ഇത്തരത്തിലൊരു ആശയം ഉദിച്ചത്. തന്റെ നാട്ടിലെ ശ്രീഭദ്രകാളി ക്ഷേത്രത്തിന്റെ നിർമ്മിതിയാണ് രജിത്തിന്റെ ആദ്യസൃഷ്ടി. തുടർന്ന് നാട്ടിലെ സാംസ്‌കാരിക നിലയം, സ്വന്തം വീട് എന്നിവയുടെ മാതൃക നിർമ്മിച്ചു. ഷേത്രത്തിന്റെ മാതൃക നിർമ്മിക്കാൻ ഒരു മാസവും കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിന്റെ മാതൃക നിർമ്മിക്കാൻ ഒന്നര മാസവുമെടുത്തു. രജിത്ത് ആദ്യം നിർമ്മിച്ച ക്ഷേത്ര മാതൃക സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായതോടെ ഇത്തരത്തിൽ ചെറുരൂപങ്ങൾ നിർമ്മിക്കുന്ന മിനി വേൾഡ് എന്ന വാട്ട്സാപ് കൂട്ടായ്മയിലേക്ക് രജിത്തിന് ക്ഷണം ലഭിച്ചു. ഭാര്യയും രണ്ടു മക്കളും രജിത്തിനെ സഹായിക്കാൻ ഒപ്പം കൂടും. സൂപ്പർഫാസ്റ്റിന്റെ മാതൃക വാങ്ങാനായി പലരും സമീപിച്ചിട്ടുണ്ട്. കോട്ടവട്ടം രജിത്ത് ഭവനിൽ രാജേന്ദ്രൻ പിള്ളയുടെയും രാമാദേവിയുടെയും മകനാണ് രജിത്ത്. പുനലൂർ ബിനു ട്രൈഡേഴ്‌സ് എന്ന സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ്. കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറായി ജോലി നോക്കണമെന്നാണ് ആഗ്രഹം.

 സൂപ്പർ ഹിറ്റായി സൂപ്പർ ഫാസ്റ്റ്

ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് സൂപ്പർ ഫാസ്റ്റിന്റെ മാതൃക. ഹെഡ് ലൈറ്റ്,​ ബ്രേക്ക് ലൈറ്റ്,​ സൈഡ് ഇൻഡിക്കേറ്റർ തുടങ്ങിയവ ബാറ്ററിയിൽ പ്രവർത്തിക്കുന്നതാണ്. രണ്ടു വശത്തേക്കും തുറന്നു മാറുന്ന ഓട്ടോമാറ്റിക്ക് സൈഡ് ഡോർ, ഡ്രൈവർ കയറുന്ന വാതിൽ,​ മീറ്റർ ബോക്സ്‌,​ ഗിയർ ലിവർ,​ ക്ലച്ച്, ബ്രേക്ക്, സ്റ്റിയറിംഗ്, ഫസ്റ്റ് എയ്ഡ് ബോക്സ്‌ തുടങ്ങി എല്ലാ സൂക്ഷ്മാംശങ്ങളും ഒപ്പിയെടുത്തിട്ടുണ്ട്. ഇതിന് പുറമേ സ്വന്തം നാട്ടിലെ സ്ഥലപ്പേര് സൂചിപ്പിക്കുന്ന കോട്ടവട്ടം എന്ന ബോർഡും.