c

കൊല്ലം: നിറുത്തിവച്ചിരുന്ന ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും ലോക്ക് ഡൗണിന് ശേഷം പുനരാരംഭിച്ചതിന് പിന്നാലെ കൊവിഡും ക്ളാർക്കുമാരുടെ സ്ഥലംമാറ്റവും മൂലം കരുനാഗപ്പള്ളി ജോയിന്റ് ആർ.ടി ഓഫീസിന്റെ പ്രവർത്തനം താളം തെറ്റുന്നു. സൂപ്രണ്ടിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജീവനക്കാർ നിരീക്ഷണത്തിലായതോടെ ഇന്നലെ മുതൽ ജോയിന്റ് ആർ.ടി ഓഫീസ് അടച്ചു. ആർ.ടി ഓഫീസിലെ രണ്ട് സൂപ്രണ്ട് തസ്തികകളിൽ ഒന്ന് മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതിൽ പുതിയ ആളെ നിയമിച്ച് അദ്ദേഹം ചുമതലയേറ്റതിന് പിന്നാലെയാണ് ഉണ്ടായിരുന്ന സൂപ്രണ്ടിന് കൊവിഡ് സ്ഥിരീകരിച്ചത്. സൂപ്രണ്ടുമായി സമ്പർക്കമുണ്ടായെന്ന് കരുതുന്ന ക്ളാർക്കുമാർ നിരീക്ഷണത്തിലാകുകയും ചെയ്തു. രജിസ്ട്രേഷൻ നമ്പ‌ർ അടിസ്ഥാനമാക്കി ഓരോ ക്ളാ‌ർക്കിനും ആയിരത്തിലധികം വാഹനങ്ങളാണ് വിഭജിച്ച് നൽകിയിരിക്കുന്നത്. ക്ളാർക്കുമാരില്ലാത്തതിനാൽ അൺലോക്കിന് ശേഷം ഫിറ്റ്നസ് ടെസ്റ്റും രജിസ്ട്രേഷനും നടത്തിയ വാഹനങ്ങളുടെ ആർ.സി രേഖകൾ ഉടമകൾക്ക് അയക്കുന്നതും മറ്റ് ദൈനംദിന ഓഫീസ് കാര്യങ്ങളും മുടങ്ങുന്ന സാഹചര്യമാണുള്ളത്.

സൂപ്രണ്ടെത്തിയപ്പോൾ ക്ളാ‌ർക്കുമാരില്ല

ആർ.ടി.ഓഫീസിലെ മൂന്ന് ക്ളാർക്കുമാരെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയതിന് പകരം നിയമനമില്ലാതിരിക്കുമ്പോഴാണ് കൊവിഡ് കാരണം ഉള്ള ജീവനക്കാർ കൂടി നിരീക്ഷണത്തിൽ പോയത്. രണ്ടാഴ്ച മുമ്പാണ് മൂന്ന് ക്ളാർക്കുമാരെ കൊല്ലം ജോയിന്റ് ആർ.ടി ഓഫീസിലേക്ക് മാറ്റിയത്. കൊല്ലം ആർ.ടി ഓഫീസിൽ നിന്ന് മൂന്ന് പേരെ ഇവിടേക്ക് പകരം നിയമിച്ചെങ്കിലും കൊല്ലം ഓഫീസ് കൊവിഡ് നിരീക്ഷണത്തിലായതോടെ ഇവർ ചുമതലയേൽക്കാനുമെത്തിയില്ല. ഇത് കാരണം സൂപ്രണ്ട് തസ്തികയിലെ ഒഴിവ് നികന്നിട്ടും ജനങ്ങൾക്ക് പ്രയോജനമില്ലാത്ത അവസ്ഥയാണ്.

ജീവനക്കാരുടെ കസേരകളി

ലോക്ക് ഡൗണിനെ തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന ഡ്രൈവിംഗ് സ്കൂളുകൾ പ്രവർത്തനം പുനരാരംഭിക്കുകയും ആർ.ടി ഓഫീസും ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളും സജീവമാകുകയും ചെയ്തപ്പോഴാണ് ജീവനക്കാരുടെ കസേരകളിയും നിരീക്ഷണവും ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസമായത്. വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ്,​ രജിസ്ട്രേഷൻ എന്നിവയുടെ പേപ്പറുകൾ കൈകാര്യം ചെയ്തിരുന്നത് ക്ളാർക്കുമാരാണ്. ഓൺ ലൈൻ വഴിയും അല്ലാതെയും ദിനം പ്രതി നൂറ് കണക്കിന് വാഹനങ്ങളുടെ രേഖകളാണ് കരുനാഗപ്പള്ളി ജോയിന്റ് ആർ.ടി ഓഫീസിൽ കൈകാര്യം ചെയ്യേണ്ടിവരുന്നത്.