
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവരുടെ നിയമനങ്ങൾക്കായുള്ള ഉത്തരവുകൾ സർക്കാർ പുറത്തിറക്കി. വിദേശത്തുള്ള വി.സി ഡോ. പി.എം. മുബാറക്ക് പാഷ തിങ്കളാഴ്ച കേരളത്തിലെത്തി ചുമതലയേൽക്കും. വി.സിക്കൊപ്പം പ്രോ വൈസ് ചാൻസലർ എസ്.വി. സുധീർ, രജിസ്ട്രാർ ഡോ. പി.എൻ. ദിലീപ് എന്നിവരും ചുമതലയേൽക്കുമെന്നാണ് അറിയുന്നത്.
വി.സി ചാർജെടുത്തശേഷം അദ്ദേഹത്തിന്റെ നിയമന ഉത്തരവും ചേർത്ത് അപേക്ഷിച്ചാലേ യു.ജി.സി അംഗീകാരത്തിന്റെ ആദ്യ നടപടികളാവൂ. യു.ജി.സി ഗ്രാൻഡിന് അപേക്ഷിക്കാൻ സർവകലാശാലയ്ക്ക് സ്വന്തമായി കെട്ടിടവും ആസ്ഥാനവും ഒരുങ്ങേണ്ടതുണ്ട്. മലയാളം സർവകലാശാലയിൽ യു.ജി.സി ഗ്രാൻഡിനുള്ള നടപടികൾ ആയിവരുന്നതേയുള്ളു. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ സാങ്കേതിക സർവകലാശാലയ്ക്ക് ഇതുവരെ യു.ജി.സി ഗ്രാൻഡിന് അപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.
ശ്രീനാരായണഗുരു സർവകലാശാലയുടെ താത്കാലിക ആസ്ഥാനത്ത് കെട്ടിടത്തിന്റെ അറ്റ കുറ്റപ്പണികൾ നടക്കുകയാണ്. ഇത് വേഗത്തിൽ തീർത്ത് പ്രവർത്തനം ആരംഭിക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.
വി.സി നിയമനത്തിനെതിരെ ഹർജി
കൊച്ചി : ശ്രീനാരായണ ഗുരു ഒാപ്പൺ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി പി.എം. മുബാറക് പാഷയെ നിയമിക്കുന്നതിനെതിരെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗണിത വിഭാഗം മേധാവി ഡോ. പി.ജി. റോമിയോ ഹൈക്കോടതിയിൽ ഹർജി നൽകി. 2013 ലെ യു.ജി.സി വിജ്ഞാപനത്തിലെ വ്യവസ്ഥയനുസരിച്ച് ഏതെങ്കിലും സർവകലാശാലയിൽ പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവരെയാണ് വി.സിയായി നിയമിക്കേണ്ടത്. പൊതു വിജ്ഞാപനത്തിലൂടെ സെർച്ച് കമ്മിറ്റിയുണ്ടാക്കി അവർ തയ്യാറാക്കുന്ന പാനലിൽ നിന്നുള്ളവരെ തിരഞ്ഞെടുക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതൊന്നും മുബാറക് പാഷയുടെ കാര്യത്തിൽ പാലിക്കപ്പെട്ടിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു.