കൊല്ലം: തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്സ്പ്രസിന്റെ മയ്യനാട് റെയിൽവേ സ്റ്റേഷനിലെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. കേന്ദ്ര കമ്മിറ്റി അംഗം വി.പി. ശരത് പ്രസാദ് ഉദ്ഘാടനം ചെയ്തു. കൊട്ടിയം ഏരിയാ സെക്രട്ടറി സച്ചിൻദാസ്, പ്രസിഡന്റ് ആദർശ് എസ്. മോഹൻ, നൗഫൽ തുടങ്ങിയവർ സംസാരിച്ചു.
കൊല്ലം ജില്ലയിൽ വേണാടിന് സ്റ്റോപ്പ് നഷ്ടപ്പെട്ടത് നിരവധി പ്രൊഫഷണൽ വിദ്യാർത്ഥികൾ ആശ്രയിക്കുന്ന മയ്യനാട് സ്റ്റേഷന് മാത്രമാണ്. സ്റ്റോപ്പ് ഉടൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.