
കരുനാഗപ്പള്ളി: കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ റേഷൻ കടകൾ മുഖേനെ വിതരണം ചെയ്യുന്ന സൗജന്യ കിറ്റുകളുടെ വിതരണം കരുനാഗപ്പള്ളി താലൂക്കിൽ മുടങ്ങിയതായി പരാതി. നീല, വെള്ള കാറ്രഗറിയിൽപ്പെടുന്ന റേഷൻ ഉപഭോക്താക്കൾക്കാണ് സൗജന്യ കിറ്റുകൾ ഇനിയും ലഭിക്കാത്തത്. സെപ്തംബർ മാസത്തെ കിറ്റുകളാണ് വിതരണം ചെയ്യാൻ താമസിക്കുന്നത്. എ.എ.വൈക്കും മഞ്ഞകാർഡ് ഉപഭോക്താക്കൾക്കും പൂർണമായി കിറ്റുകൾ വിതരണം ചെയ്തിരുന്നു. 100 ഗ്രാം മുളകുപൊടി, 1 കിലോ ഉപ്പ്, 500 ഗ്രാം ചെറുപയർ, 1 കിലോ ആട്ട, 500 ഗ്രാം കടല, അരക്കിലോ വെളിച്ചെണ്ണ, 1 കിലോ പഞ്ചസാര, 250 ഗ്രാം സാമ്പാർ പരിപ്പ് എന്നീ ഐറ്റങ്ങളാണ് കിറ്റിലുള്ളത്. സെപ്തംബർ മാസത്തെ സൗജന്യക്കിറ്റ് ഒക്ടോബർ 13ന് മുൻപ് വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മൊബൈയിൽ ഫോണിൽ ഉപഭോക്താക്കൾക്ക് മെസേജ് നൽകിയിരുന്നു. ഇതേ തുടർന്നാണ് റേഷൻ കാർഡ് ഉടമകൾ കിറ്റ് വാങ്ങാനായി റേഷൻ കടകളിലെത്തിയത്. സൗജന്യ കിറ്റുകൾ വിതരണത്തിനായി എത്തിയിട്ടില്ലെന്ന് റേഷൻ കടയുടമകൾ പറഞ്ഞെങ്കിലും കാർഡ് ഉടമകൾ തിരികെ പോകാൻ തയ്യാറായില്ല. ഇത് പല റേഷൻ കടകളിലും സംഘർഷത്തിന് കാരണമായി. കരുനാഗപ്പള്ളി താലൂക്കിൽ 45000 ത്തോളം റേഷൻ കാർഡ് ഉടമകളുണ്ട്. ഇതിൽ ബഹുഭൂരിപക്ഷം കാർഡുകാരും നീലയും വെള്ളയും കാറ്റഗറിയിൽ പെടുന്നവരാണ്. സൗജന്യ കിറ്റുകൾ പാക്ക് ചെയ്യുന്നതിനാവശ്യമായ ഭക്ഷ്യ സാധനങ്ങൾ ലഭിക്കാത്തതിനാലാണ് കിറ്റുകളുടെ വിതരണം മുടങ്ങുന്നതെന്ന് ബന്ധപ്പെട്ട അധികൃതർ പറയുന്നു. സൗജന്യ കിറ്റുകൾ എത്രയും വേഗം റേഷൻ കടകളിൽ എത്തിക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കളരിക്കൽ ജയപ്രകാശ് ആവശ്യപ്പെട്ടു.