 
രണ്ട് മണിക്കൂർ ഗതാഗതം നിലച്ചു.
പുനലൂർ: കനത്ത കാറ്റിനെ തുടർന്ന് തിരുവനന്തപുരം - ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ കൂറ്റൻ മരം കടപുഴകി വീണ് രണ്ട് മണിക്കൂർ ഗതാഗതം നിലച്ചു. അന്തർ സംസ്ഥാന പാത കടന്ന് പോകുന്ന തെന്മല ഡാം ജംഗ്ഷന് സമീപത്തെ കൂവാക്കാട്ട് റോഡിന് മദ്ധ്യേയാണ് ഇന്നലെ രാവിലെ 10 മണിയോടെ കൂറ്റൻ വട്ടമരം കടപുഴകി വീണത്. പാതയോരത്ത് കൂടി കടന്നുപോകുന്ന 11 കെ.വി.വൈദ്യുതി ലൈനിന് മുകളിൽ മരം വീണെങ്കിലും മറ്റ് അപകടങ്ങൾ ഉണ്ടായില്ല. ഇതോടെ പാതയുടെ രണ്ട് ഭാഗങ്ങളിൽ നിന്നെത്തിയ വാഹനങ്ങൾ രണ്ട് മണിക്കൂർ വനമദ്ധ്യത്തിൽ കുടുങ്ങി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഇലട്രിക്ക് ലൈൻ ഓഫ് ചെയ്ത ശേഷം കമ്പി വിച്ഛേദിച്ചു മാറ്റി. പിന്നീട് പുനലൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് ജീവനക്കാർ ഒന്നര മണിക്കൂർ കൊണ്ട് വൃക്ഷം മുറിച്ച് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഫയർ സ്റ്റേഷൻ ഇൻ-ചാർജ് മുരളീധര കുറുപ്പിന്റെ നേതൃത്വത്തിലാണ് വൃക്ഷം മുറിച്ച് നീക്കിയത്.