doctors-protest

 കൊവിഡ് ഗൃഹചികിത്സ നിറുത്തിവയ്ക്കുമെന്ന് കെ.ജി.എം.ഒ.എ

കൊല്ലം: കരവാളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ ഡ്യൂട്ടി സമയത്ത് വിളിച്ചുവരുത്തി സഹപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും മുന്നിൽ വച്ച് അവഹേളിച്ചെന്ന് ആരോപിച്ച് ജില്ലാ കളക്ടർക്കെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരളാ ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ)​ രംഗത്ത്. വനിതാ ഡോക്ടർക്കെതിരായ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ കൊവിഡ് ഗൃഹചികിത്സ നിറുത്തിവയ്ക്കുമെന്നും സംഘടനാ നേതാക്കൾ അറിയിച്ചു.

തിങ്കളാഴ്ച കരവാളൂരിന് സമീപം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി കളക്ടർ എത്തിയിരുന്നു. സ്ഥലത്ത് കൊവിഡ് ബാധിച്ച് ഗൃഹചികിത്സയിലുള്ള ആളിന്റെ വീട്ടിലെത്തി വിവരങ്ങൾ തിരക്കിയ കളക്ടർ ഡ്യൂട്ടിയിലായിരുന്ന കരവാളൂർ പി.എച്ച്.സിയിലെ വനിതാ ഡോക്ടറെ വിളിച്ചുവരുത്തി. ഒന്നിലധികം ശുചിമുറികൾ ഇല്ലാത്ത വീട്ടിൽ എന്തിനാണ് ഗൃഹചികിത്സ അനുവദിച്ചതെന്ന് ചോദിച്ച് വനിതാ ഡോക്ടറെ കളക്ടർ പരസ്യമായി ശകാരിച്ചെന്നാണ് കെ.ജി.എം.ഒ.എയുടെ ആരോപണം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരമുള്ള സൗകര്യങ്ങളുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഗൃഹചികിത്സ അനുവദിച്ചതെന്ന ഡോക്ടറുടെ വിശദീകരണം വകവയ്ക്കാതെ വീണ്ടും അപമാനിച്ചുവെന്നും സംഘടനാ നേതാക്കൾ പറയുന്നു.

വീട്ടിൽ ചികിത്സയ്ക്കുള്ള സൗകര്യമില്ലാത്തവർക്കായി സ്റ്റെപ്പ് ഡൗൺ സി.എഫ്.എൽ.ടി.സികൾ ഒരുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളും റവന്യു വകുപ്പുമാണ്. സൗകര്യം ഒരുക്കാത്തതിനെക്കുറിച്ച് ബന്ധപ്പെട്ടവരോട് ചോദിക്കാതെ വനിതാ ഡോക്ടറെ മാനസികമായി തളർത്തുകയായിരുന്നുവെന്ന് കെ.ജി.എം.ഒ.എ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

 കളക്ടറുടെ നടപടി യാഥാർത്ഥ്യ ബോധമില്ലാതെ

കഴിഞ്ഞ കുറേ മാസങ്ങളായി അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ അവഹേളിക്കുന്ന നിലപാടാണ് കളക്ടറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികൾ പറയുന്നു. വീട്ടിൽ ഒന്നിലധികം കക്കൂസ് ഇല്ലാത്തവരെല്ലാം സി.എഫ്.എൽ.ടി.സികളിൽ പോകണമെന്ന് പറയുന്നത് യാഥാർത്ഥ്യ ബോധമില്ലാത്ത നടപടിയാണ്. ബ്ലീച്ച് ലായനി കൊണ്ട് അണുനശീകരണം വരുത്തി കക്കൂസ് വീണ്ടും ഉപയോഗിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.

ജില്ലയിലെ നിലവിലുള്ള സി.എഫ്.എൽ.ടി.സികളിൽ 1300 പേരെ മാത്രമേ പ്രവേശിപ്പിക്കാനാകൂ. ആറായിരത്തോളം പേർ വീട്ടിൽ ചികിത്സയിലാണ്. ഗൃഹചികിത്സ രോഗികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുകയും വേഗത്തിലുള്ള രോഗമോചനം സാദ്ധ്യമാക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുള്ളതായും അസോ. ജില്ലാ പ്രസിഡന്റ് ഡോ. അജയകുമാർ പറഞ്ഞു.