
 കൊല്ലം ഡിപ്പോയിൽ നിന്ന് ഫാസ്റ്റ് സർവീസ്
കൊല്ലം: സ്ഥിരം യാത്രക്കാരെ സംഘടിപ്പിക്കാനുള്ള കെ.എസ്.ആർ.ടി.സിയുടെ ബസ് ഓൺ ഡിമാൻഡ് പദ്ധതിയുടെ ഭാഗമായി കൊല്ലം ഡിപ്പോയിൽ നിന്ന് നോൺ സ്റ്റോപ്പ് ഫാസ്റ്റ് സർവീസ് ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. ഏതെങ്കിലും ഒരു കേന്ദ്രത്തിലേക്ക് സ്ഥിരം യാത്രക്കാരെ കൊണ്ടുപോവുകയും തിരിച്ചെത്തിക്കുകയും ചെയ്യുന്ന സർവീസാണിത്.
തിരുവനന്തപുരത്തേക്കുള്ള ആദ്യ നോൺ സ്റ്റോപ്പ് ബസ് ബുധനാഴ്ച ആരംഭിക്കാനാണ് ആലോചന. യാത്രക്കാർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നത് അനുസരിച്ചാണ് സർവീസുകൾ. ഒരു സ്ഥലത്തേക്ക് 36 സ്ഥിരം യാത്രക്കാർ രജിസ്റ്റർ ചെയ്താൽ അവിടേക്ക് പുതിയ സർവീസ് നടത്തും. തിരുവനന്തപുരത്തേക്ക് ഇതുവരെ ഏകദേശം 40 ഓളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുനലൂർ ഭാഗത്തേക്ക് ഇരുപത് പേരും. 10, 20, 25 ദിവസത്തെ സീസൺ ടിക്കറ്റാണ് നോൺ സ്റ്റോപ്പ് ബസുകളിലേക്ക് ലഭിക്കുക. ഈ കാർഡ് ഉപയോഗിച്ച് പ്രവൃത്തി ദിവസങ്ങളിൽ യാത്ര ചെയ്യാം.
 ഇടയ്ക്ക് സ്റ്റോപ്പില്ല
മുൻകൂട്ടി ടിക്കറ്റ് എടുത്തവരെ കയറ്റാനല്ലാതെ ഇടയ്ക്ക് സ്റ്റോപ്പില്ല. അതുകൊണ്ട് ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്ത് എത്തും. അവിടുത്തെ പ്രധാനപ്പെട്ട ഓഫീസുകൾക്ക് മുന്നിൽ നിറുത്തി യാത്രക്കാരെ ഇറക്കും. പിന്നീട് വൈകിട്ട് അഞ്ചാകുമ്പോൾ വീണ്ടുമെത്തി യാത്രക്കാരെ കയറ്റി തിരികെയെത്തും. കൊല്ലത്തിനപ്പുറം ഉള്ളവർ മാത്രം രാവിലെ ഡിപ്പോയിൽ എത്തിയാൽ മതി. കൊല്ലത്തിനും കൊട്ടിയത്തിനും ഇടയിലുള്ളവർ നിൽക്കുന്ന സ്ഥലത്ത് നിറുത്തി ബസിൽ കയറ്റും. അതുകൊണ്ട് ഡിപ്പോയിലെ സ്റ്റോപ്പിലെ എത്താൻ മറ്റൊരു വാഹനത്തെ ആശ്രയിക്കുന്നത് ഒഴിവാക്കാം. അതിനുള്ള ചെലവും ലാഭിക്കാം.
 പ്രത്യേകത
സീറ്റ് ഉറപ്പ്
യാത്രക്കാർക്ക് അപകട ഇൻഷ്വറൻസ്
 സർവീസ്
തിരുവനന്തപുരം
ആലപ്പുഴ
കോട്ടയം
പത്തനംതിട്ട
പുനലൂർ
 ഒരു ദിവസത്തെ ടിക്കറ്റ് നിരക്ക് (ഏകദേശം)
തിരുവനന്തപുരത്തേക്ക്: 211 രൂപ
കോട്ടയത്തേക്ക്: 300 രൂപ
വേണ്ട യാത്രക്കാർ: 36
 ബുക്കിംഗിന്
ഫോൺ: 0474: 2752008, 9495099903, 9496305503