manjulal

 തീരദേശത്തെ ചെയിനഴിച്ച പോരാളി

കൊല്ലം: കരുനാഗപ്പള്ളിയിലെ തീരദേശത്ത് കാട്ടുതീ പോലെ പടരുമെന്ന് ഭയപ്പെട്ട കൊവിഡ് വ്യാപനത്തെ പിടിച്ചുകെട്ടിയത് പൊലീസിന്റെ പരിശ്രമങ്ങളാണ്. രാപകൽ ഭേദമില്ലാതെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായ എസ്. മഞ്‌ജുലാലാണ്. ഇടതടവില്ലാത്ത പോരാട്ടത്തെ സംസ്ഥാന പൊലീസ് മേധാവിയും അംഗീകരിച്ചു. പൊലീസ് മേധാവിയുടെ കൊവിഡ് വാരിയർ പുരസ്കാരം കൊല്ലം സിറ്റി പൊലീസ് ജില്ലയിൽ തേടിയെത്തിയത് കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ മഞ്ജുലാലിനെയാണ്. സംസ്ഥാനത്തെ 19 പൊലീസ് ജില്ലയിലും ഓരാരുത്തർക്കാണ് പുരസ്കാരം.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യ വകുപ്പും സർക്കാർ സംവിധാനങ്ങളും തുടക്കമിടുമ്പോൾ തന്നെ തീരദേശ മേഖലകൾ ആശങ്കയുടെ തുരുത്തായിരുന്നു. ആർക്കെങ്കിലും ഒരാൾക്ക് രോഗബാധയുണ്ടായാൽ തീരത്താകെ കൊവിഡ് പടരുന്ന സ്ഥിതിയുണ്ടാകും. ജില്ലയിൽ കൊവിഡ് വ്യാപനം തുടങ്ങിയ ഘട്ടത്തിൽ തന്നെ ആലപ്പാട്ട് രോഗികളുടെ എണ്ണം ഉയർന്നു. തീരദേശത്തെ ചില വാർഡുകളിൽ എൺപതിനടുത്ത് ആളുകൾക്ക് ഒരേ സമയം രോഗം സ്ഥിരീകരിച്ചു.

പിന്നീടാണ് എസ്.മഞ്ജുലാലിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പൊലീസ് നടത്തിയ ഇടപെടലുകളുടെ മികവ് വ്യക്തമാകുന്നത്. കൊവിഡ് പ്രതിരോധങ്ങളെ ഏകോപിപ്പിക്കാൻ ആലപ്പാട് ഉൾപ്പെടെ സ്റ്റേഷൻ പരിധിയിലെ നാല് പഞ്ചായത്തുകളിലും ഓരോ സബ് ഇൻസ്പെക്ടർമാർക്ക് ചുമതല നൽകി. കൊവിഡ് വ്യാപനം തുടങ്ങിയ പ്രദേശങ്ങൾ പൂർണമായും അടച്ച് പൂട്ടി പൊലീസ് നിയന്ത്രണത്തിലാക്കിയതിനൊപ്പം പുറത്തേക്കും അകത്തേക്കും പോകാൻ ഒരു വഴി മാത്രം തുറന്നു.

ഇതോടെ പുറത്തേക്ക് പോകുന്നവരും അകത്തേക്ക് വരുന്നവരും ആരൊക്കെയെന്ന് മനസിലാക്കാനായി. രോഗവ്യാപന മേഖലകളിൽ റേഷൻ സാധനങ്ങൾ വീടുകളിൽ എത്തിച്ച് നൽകാൻ പ്രത്യേക സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചു. ജനങ്ങളുടെ അടിയന്തര സ്വഭാവത്തോടെയുള്ള യാത്രകൾക്ക് സൗകര്യങ്ങളൊരുക്കി. ഇപ്പോൾ ജില്ലയിലാകെ പ്രചാരം ലഭിച്ച ക്ലോസ്ഡ് ക്ലസ്റ്റർ ഗ്രൂപ്പുകൾ പ്രതിരോധത്തിനായി തീരദേശത്ത് സജീവമാക്കി. വിവരങ്ങൾ കൈമാറാൻ പൊലീസും ജനങ്ങളും ഉൾപ്പെട്ട വാട്ട്സ് ആപ്പ് ഗ്രൂപ്പുകളും രൂപീകരിച്ചു. രോഗവ്യാപന മേഖലകളിലെ ക്ലോസ്ഡ് ക്ലസ്റ്റർ ഗ്രൂപ്പുകളുടെയും വാട്ട്സ് ആപ്പ് ഗ്രൂപ്പുകളുടെയും ചുമതല പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകി.

ഇങ്ങനെ വിശ്രമമില്ലാത്ത പരിശ്രമങ്ങളിലൂടെയാണ് കരുനാഗപ്പള്ളി തീരദേശത്താകെ പടരുമെന്ന് ഒരു ഘട്ടത്തിൽ ഭയപ്പെട്ട കൊവിഡിനെ മഞ്ജുലാലും സംഘവും പിടിച്ചുകെട്ടിയത്. അർഹതയ്ക്കുള്ള അംഗീകാരമായാണ് ഒടുവിൽ അവാർഡെത്തിയത്. മൺറോത്തുരുത്ത് പേഴുംതുരുത്ത് പുത്തൻവീട്ടിൽ പരേതരായ പി. സത്യവ്രതന്റെയും (കേരളകൗമുദി ഏജന്റ്) എസ്. രാധമ്മയുടെയും നാലാമത്തെ മകനാണ് എസ്. മഞ്ജുലാൽ. ഭാര്യ: നിത (അദ്ധ്യാപിക, എസ്.എ.ബി.ടി.എം, പെരുമ്പുഴ). മക്കൾ: ദേവനന്ദന, ലക്ഷ്മിനന്ദന.