kacha

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ തീയതി സംബന്ധിച്ച് വ്യക്തത വന്നില്ലെങ്കിലും സ്ഥാനാർത്ഥി നിർണയം പൂർത്തിയായ ഇടങ്ങളിൽ വോട്ട് പിടിക്കാൻ സ്ഥാനാർത്ഥികളും പ്രവർത്തകരുമിറങ്ങി. ജില്ലയിൽ യു.ഡി.എഫാണ് സ്ഥാനാർത്ഥി നിർണയത്തിന് തുടക്കമിട്ടത്. ഗ്രാമ പഞ്ചായത്തുകളിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള അധികാരം കോൺഗ്രസ് വാർഡ് കമ്മിറ്റികൾക്ക് നൽകിയതോടെ അവർ സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങി. ഇതിന് പിന്നാലെയാണ് ചിഹ്നവും സ്ഥാനാർ‌ത്ഥിയുടെ ചിത്രവും പതിച്ച പോസ്റ്രറുകൾ ഉൾപ്പെടെ നവമാദ്ധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. പരിചയക്കാർ, ബന്ധുവീടുകൾ, പ്രദേശത്തെ സമുദായ നേതാക്കളുടെ വീടുകൾ, എതിർ പാർട്ടികളുടെ പ്രവർത്തകർ, നേതാക്കൾ തുടങ്ങിയവരെ കണ്ട് വിവരങ്ങൾ കൈമാറാനും സുഖാന്വേഷണങ്ങൾ നടത്താനും തുടങ്ങിയിട്ടുണ്ട് സ്ഥാനാർത്ഥികൾ. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ, ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ചും മുന്നണി നേതൃത്വങ്ങൾക്കിടയിൽ ധാരണയായിട്ടുണ്ട്. സ്ഥാനാ‌ർത്ഥിത്വം ഉറപ്പിച്ചവർ മത്സരിക്കാൻ നിർ‌ദേശം ലഭിച്ച ഡിവിഷനുകൾ കേന്ദ്രീകരിച്ച് പാർട്ടി പരിപാടികളിൽ തുടർച്ചയായി പങ്കെടുക്കുന്നുണ്ട്. ദിവസങ്ങൾക്കുള്ളിൽ തന്നെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തദ്ദേശ സ്ഥാപനങ്ങളിൽ അധികാരമൊഴിയുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാണ്. ഭരണത്തിലിരിക്കുന്നവർ വികസന നേട്ടങ്ങൾ വിവരിക്കുന്ന സുവനീറുകളും പ്രതിപക്ഷം കുറ്റപത്രവും പുറത്തിറക്കുന്ന തിരക്കിലാണ്. സ്ഥാനാർത്ഥി നിർണയം ആരംഭിച്ചതിന്റേതായ അസ്വാരസ്യങ്ങളും താഴെ തട്ടിൽ പ്രകടമാണ്. സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായവരുടെ നിരാശയും റിബൽ ഭീഷണിയും പാർട്ടി മാറ്രവും തുടങ്ങി പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് ഉത്സവത്തിന്റെ കൊടി ഉയർന്ന് കഴിഞ്ഞു.