lori
കൊല്ലം-കണ്ണനല്ലൂർ സംസ്ഥാനപാതയിൽ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് റോഡിന് കുറുകെ നിന്ന ലോറി

ഇരവിപുരം: പാൽപ്പൊടി കയറ്റിവന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതിയിലുള്ള കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചശേഷം റോഡിന് കുറുകെ കുടുങ്ങി നിന്നു. പൂർണമായും വഴിമുടക്കി ലോറി നിന്നതോടെ കൊല്ലം-കണ്ണനല്ലൂർ സംസ്ഥാനപാതയിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. തുടർന്ന് ചെമ്മാംമുക്ക്,​ അയത്തിൽ എന്നിവിടങ്ങളിൽ വാഹനങ്ങൾ തിരിച്ചുവിട്ട് ഗതാഗതം ക്രമീകരിക്കേണ്ടി വന്നു.

ഇന്നലെ രാവിലെ ഒൻപതരയോടെ സംസ്ഥാനപാതയിൽ പുളിയത്ത് മുക്കിനും അയത്തിലിനും ഇടയിലായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്ന് പാൽപ്പൊടിയുമായി പുളിയത്തുമുക്കിന് സമീപത്തെ കമ്പനിയിലേക്ക് ലോഡുമായി വന്ന കർണാടക രജിസ്ട്രേഷനിലുള്ള കൂറ്റൻ കണ്ടെയ്നർ ലോറിയാണ് നിയന്ത്രണം വിട്ടത്. വൈദ്യുതി തൂണിൽ ഇടിച്ചെങ്കിലും പോസ്റ്റ് ഒടിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

രണ്ട് മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ട്രാഫിക് പൊലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.