lorry
കൊട്ടാരക്കര ടൗണിൽ റോഡിലെ സ്ലാബു തകർന്ന് ഓടയിലേക്കു മറിഞ്ഞ ടിപ്പർ ലോറി ജെ.സി.ബി ഉപയോഗിച്ചു് ഉയർത്താൻ ശ്രമിക്കുന്നു

കൊട്ടാരക്കര: കോൺക്രീറ്റ് സ്ലാബ് തകർന്ന് ടിപ്പർ ലോറി ഓടയിലേക്കു മറിഞ്ഞു. റോഡു സൈഡിൽ ബൈക്കിൽ ചാരിനിന്ന തമിഴ് നാട് സ്വദേശിയായ മധ്യവയസ്കൻ ബൈക്കിനൊപ്പം ഓടയിൽ വീണു പരിക്കേറ്റു. ഫയർഫോഴ്സ് എത്തി ഏറെ പണിപ്പെട്ടാണ് പരിക്കേറ്റയാളെയും ബൈക്കും പുറത്തെടുത്തത്. ഇയാളെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിലായിരുന്നു അപകടം. .ചന്തമുക്ക് കുലശേഖരനല്ലൂർ ഏലാ റോഡിലേക്ക് മണ്ണുമായി പോയ ടിപ്പർ ലോറി റോഡിലേക്കു കയറിയ ഉടൻ തന്നെ സ്ലാബുകൾ തകർന്നു ഓടയിലേക്കു വീഴുകയായിരുന്നു. വർഷങ്ങൾ പഴക്കമുള്ള ഈ റോഡിലെ പൊട്ടിപൊളിഞ്ഞ സ്ലാബുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും പ്രദേശത്തെ വ്യാപാര സ്ഥാപന ഉടമകളും പലപ്പോഴും ബന്ധപ്പെട്ടവർക്കു നിവേദനം നൽകിയിരുന്നെങ്കിലും നടപടികൾ ഉണ്ടായില്ല. ജെ.സി.ബി ഉപയോഗിച്ച് പിന്നീട് ടിപ്പർ ലോറി ഉയർത്തി മാറ്റുകയായിരുന്നു.