
കൊല്ലം: ഹയർ സെക്കൻഡറിയിൽ മെരിറ്റ് അട്ടിമറിച്ച് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നടത്താനുള്ള വിവാദ തീരുമാനത്തിന് പിന്നാലെ സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ അഡ്മിഷനും സ്കൂൾ മാറ്റത്തിനും ശ്രമിക്കുന്ന കുട്ടികൾക്ക് എൻ.എസ്.എസിൽ ചേരാനുള്ള അവസരം നിഷേധിക്കുന്നതായി ആക്ഷേപം.
ഒരു അലോട്ട്മെന്റ് കൂടി ഇനിയും വരാനിരിക്കേ, ഈ മാസം 20നകം നാഷണൽ സർവീസ് സ്കീമിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തീകരിക്കാനാണ് നിർദ്ദേശം. സപ്ലിമെന്ററി അലോട്ട്മെന്റ് വഴി അഡ്മിഷൻ എടുക്കുന്ന കുട്ടികൾക്ക് ലിസ്റ്റിൽ അവസരം നൽകണമെന്ന് ഹയർ സെക്കൻഡറി വകുപ്പ് നിർദ്ദേശമുണ്ടെങ്കിലും അത് സാദ്ധ്യമാകില്ല.
ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. 25 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ച് ഓൺലൈൻ ചർച്ചയിലൂടെ 100 പേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കും.അവരെ ഇന്റർവ്യൂ ചെയ്ത് 50 പേരെ തിരഞ്ഞെടുക്കാനാണ് നിർദ്ദേശം.
സർക്കാരിന്റെ സാമ്പത്തിക സഹായത്താലായിരുന്നു എൻ.എസ്. എസ് പ്രവർത്തനം.
പുതുതായി അനുവദിച്ച യൂണിറ്റുകൾ സ്വാശ്രയ യൂണിറ്റുകളായാണ് പ്രവർത്തിക്കുന്നത്. ഓരോ കുട്ടിയിൽ നിന്നും ഒന്നാം വർഷം 700 രൂപയും രണ്ടാം വർഷം 250 രൂപയും എയ്ഡഡ് സ്കൂളുകളിൽ ഫണ്ട് ഈടാക്കുന്നുണ്ട്.
ഗ്രേസ് മാർക്ക് 24
എൻ.എസ്.എസിൽ സേവന പ്രവർത്തനം നടത്തിയാൽ 24 മാർക്ക് ഗ്രേസായി ലഭിക്കും. അഞ്ഞൂറും അറുന്നൂറും വിദ്യാർത്ഥികളുള്ള സ്കൂളായാലും 50 കുട്ടികൾക്കാണ് അവസരം. ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്.
''എല്ലാ കുട്ടികൾക്കും തുല്യനീതി ഉറപ്പാക്കണം. എൻറോൾമെന്റ് സമയം ദീർഘിപ്പിക്കണം. എയ്ഡഡ് സ്കൂളുകൾക്കുള്ള പ്രവർത്തന സഹായം ലഭ്യമാക്കണം.
എസ്. മനോജ്, സംസ്ഥാന ജന. സെക്രട്ടറി
എ.എച്ച്.എസ്.ടി.എ