
 ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്താൻ കെ.എസ്.ആർ.ടി.സി
കൊല്ലം: സർവീസ് ഇതര വരുമാനം വർദ്ധിപ്പിക്കാനുള്ള തന്ത്രം കെ.എസ്.ആർ.ടി.സി കൊല്ലത്തും പയറ്റുന്നു. നിലവിൽ കൊല്ലം ഡിപ്പോ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പാർക്കും ഹോട്ടൽ സമുച്ചയവും നിർമ്മിച്ച് അഷ്ടമുടി കായലിന്റെ ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്താനാണ് ആലോചന.
ഡിപ്പോ ഇപ്പോൾ ഗ്യാരേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റും. ആണ്ടാമുക്കത്ത് കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഗ്യാരേജാക്കും. കൊല്ലം ഡിപ്പോയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ എം. മുകേഷ് എം.എൽ.എ ഒരു കോടി രൂപ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാകും ഗ്യാരേജ് നിൽക്കുന്നിടത്ത് പുതിയ ഡിപ്പോയ്ക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കുക. വിദേശ ടൂറിസ്റ്റുകളെ അടക്കം ആകർഷിക്കുന്ന തരത്തിലുള്ള സംവിധാനങ്ങളാകും നിലവിൽ ഡിപ്പോ സ്ഥിതി ചെയ്യുന്നിടത്ത് ഒരുക്കുക. ടൂറിസം വകുപ്പിന്റെ സഹായത്തോടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് ആലോചന.
 ബസുകൾ കച്ചവട കേന്ദ്രമാകും
കെ.എസ്.ആർ.ടി.സിയുടെ ഷോപ്പ്സ് ഓൺ വീൽസ് പദ്ധതിയുടെ ഭാഗമായി കച്ചേരി ജംഗ്ഷനിൽ പഴയ ബസുകളിൽ ഉടൻ കച്ചവട കേന്ദ്രങ്ങൾ ആരംഭിക്കും. ഗ്യാരേജിന്റെ ചുറ്റുമതിൽ പൊളിച്ചു നീക്കിയ ശേഷം റോഡ് വക്കിലാകും ബസുകൾ നിരത്തിയുള്ള കച്ചവടം. ഏഴ് ബസുവരെ ഇവിടെ നിരത്തിയിടാം. പൊളിക്കാറായ ബസുകൾ മനോഹരമായി അലങ്കരിച്ചാകും കച്ചവടത്തിന് നൽകുക. ബസുകൾ വാടകയ്ക്കെടുത്ത് കച്ചവടത്തിനുള്ള ബുക്കിംഗ് ആരംഭിച്ചു.
 ചോർന്നൊലിച്ച് ഡിപ്പോ
1. നിലവിലെ ഡിപ്പോ കെട്ടിടം തകർന്ന് വീണേക്കാവുന്ന അവസ്ഥയിൽ
2. മേൽക്കൂരയിലെ പാളികൾ നിരന്തരം ഇളകി വീഴുന്നു
3. രണ്ടാം നില ചോർന്നൊലിക്കുന്നു
4. എം. മുകേഷ് എം.എൽ.എ ഡിപ്പോ നവീകരണത്തിന് പണം അനുവദിച്ചിട്ട് രണ്ട് വർഷത്തിലേറെ
5. കെ.എസ്.ആർ.ടി.സിയുടെ തലപ്പത്ത് നിന്ന് അനുമതി ലഭിച്ചിട്ടില്ല
''
പുതിയ ആലോചനയുടെ ഭാഗമായി കഴിഞ്ഞയാഴ്ച കൊല്ലം ഡിപ്പോ സന്ദർശിച്ചിരുന്നു. ഗതാഗത മന്ത്രി അടക്കമുള്ളവരോട് ആലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കും.
ബിജു പ്രഭാകർ
എം.ഡി, കെ.എസ്.ആർ.ടി.സി