election

 നഗരസഭാ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന്

കൊല്ലം: നഗരസഭാ സീറ്റുകളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്നവരുടെ നെഞ്ചിടിപ്പിന് ഇന്ന് താത്കാലിക ആശ്വാസമാകും. ചിലരുടെ സ്വപ്നങ്ങൾക്ക് തിരശീലയും വീഴും. നഗരസഭയിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് തിരുവനന്തപുരം നഗരകാര്യ ഡയറക്ടറേറ്റിൽ നടക്കും.

55 വാർഡുകളാണ് നഗരസഭയിൽ ആകെയുള്ളത്. ഇതിൽ 28 സീറ്റുകൾ വനിതകൾക്കും 27 എണ്ണം ജനറൽ വിഭാഗത്തിലുമാണ്. കഴിഞ്ഞ തവണത്തെ 27 ജനറൽ വാർഡുകൾ ഇത്തവണ വനിതകൾക്കായിരിക്കും. കഴിഞ്ഞ തവണത്തെ വനിതാ വാർഡുകളിൽ ഒന്ന് ഇത്തവണ അതേപടി നിലനിൽക്കും. ഉദയമാർത്താണ്ഡപുരം ഡിവിഷൻ വനിതാ സംവരണത്തിനായി രണ്ടുതവണ നിലനിറുത്തിയതിനാൽ ഇത്തവണ ജനറലോ, പട്ടികജാതി ജനറലോ ആകും. ബാക്കിയുള്ള കഴിഞ്ഞ തവണത്തെ വനിതാ സംവരണ ഡിവിഷനുകളിൽ ഒന്നിനെ നറുക്കെടുപ്പിലൂടെ കണ്ടെത്തിയാകും നിലനിറുത്തുക.

2010, 2015 തിരഞ്ഞെടുപ്പുകളിൽ എസ്.സി വിഭാഗക്കാർക്ക് നൽകിയ ഡിവിഷനുകളെ മാറ്റിനിറുത്തിയാകും ഈ വിഭാഗത്തിനുള്ള ഡിവിഷൻ നറുക്കെടുപ്പിലൂടെ കണ്ടെത്തുക. നേരത്തെ എസ്.സി സംവരണത്തിന് പരിഗണിച്ചതിന്റെ ആനുകൂല്യത്തിൽ ഇത്തവണ മാറ്റിനിറുത്തുന്നതിനാൽ കടപ്പാക്കട, മണക്കാട്, പട്ടത്താനം, മുളങ്കാടകം ഡിവിഷനുകൾ ഇത്തവണ വനിതാ സംവരണമായിരിക്കും. മരുത്തടി, വള്ളിക്കീഴ്, തേവള്ളി, രാമൻകുളങ്ങര ഡിവിഷനുകൾ ജനറലും. ബാക്കിയുള്ള 47 ഡിവിഷനുകളിൽ നിന്നാകും 2 എസ്.സി വനിതാ, 2 എസ്.സി ജനറൽ ഡിവിഷനുകൾ നറുക്കിട്ടെടുക്കുക.

 മുൻകൂട്ടി പ്രവർത്തനം

പല ഡിവിഷനുകളിലും സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് നിരവധിപേർ മുൻകൂട്ടി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇതിൽ കുറച്ചുപേർക്കെങ്കിലും ഇന്നത്തെ നറുക്കെടുപ്പോടെ പണികിട്ടും. കുറച്ചുപേർക്ക് ആശ്വാസവുമാകും.

ആകെ ഡിവിഷൻ: 55

വനിതാ സംവരണം: 28

ജനറൽ: 27

പട്ടികജാതി ജനറൽ: 2

പട്ടികജാതി വനിത: 2