 
തഴവ: തഴവ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന റേഡിയോ കിയോസ്ക്കുകളെ സ്മാരകങ്ങളായി നിലനിറുത്തണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. പഞ്ചായത്തിൽ കുറ്റിപ്പുറം, കറുത്തേരി മുക്ക്, മുല്ലശ്ശേരി മുക്ക്, മണപ്പള്ളി തണ്ണീർക്കര, പാവുമ്പ പാലമൂട് എന്നീ പ്രധാന ജംഗ്ഷനുകളിലായി അഞ്ച് റേഡിയോ കിയോസ്കുകളാണ് നിലവിലുണ്ടായിരുന്നത്. ഇവയിൽ ഭൂരിഭാഗവും കാലപ്പഴക്കം മൂലം ജീർണിച്ച് മണ്ണടിഞ്ഞ അവസ്ഥയിലാണ്.
വാൽവുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിലപിടിപ്പുള്ള വലിയ റേഡിയോയായിരുന്നു കിയോസ്കുകളിൽ സ്ഥാപിച്ചിരുന്നത്. ഉയർന്ന് ശബ്ദത്തിൽ പരിപാടികൾ വ്യക്തമായി കേൾക്കാൻ കഴിയുമെന്നതും ശ്രോതാക്കളെ കിയോസ്കുകളിലേക്ക് ആകർഷിച്ചു.
പതിറ്റാണ്ടുകൾക്കിപ്പുറം ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങൾ കളം വാഴുന്ന അവസ്ഥയിൽ ഇതൊന്നുമില്ലാതിരുന്ന കാലഘട്ടത്തെക്കുറിച്ച് പുതുതലമുറയ്ക്ക് അറിയാനായി റേഡിയോ കിയോസ്കുകളെ സ്മാരകങ്ങളായി നിലനിറുത്തണം.
.
ആകാശവാണിയുടെ പൊതു ശബ്ദ കേന്ദ്രം
1960 കാലഘട്ടത്തിലാണ് തഴവയിൽ റേഡിയോ കിയോസ്കുകൾ എത്തുന്നത്. പ്രധാന നിരത്തുകൾക്ക് അഭിമുഖമായി സ്ഥാപിക്കുന്ന റേഡിയോ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ഒറ്റ മുറിയായാണ് കിയോസ്കുകൾ നിർമ്മിച്ചിരുന്നത്. വിനോദ പരിപാടികൾ, വാർത്തകൾ എന്നിവ കേൾക്കുന്നതിനായി വൈകുന്നേരങ്ങളിൽ നൂറുകണക്കിന് ഗ്രാമവാസികളാണ് കിയോസ്കുകൾക്ക് മുന്നിൽ ഒത്തുകൂടിയിരുന്നത്. ഇത് ഒരു കാലഘട്ടത്തിന്റെ സംസ്കാരമായിരുന്നു. ഗ്രാമീണ മേഖലയിൽ ആകാശവാണിയുടെ പൊതു ശബ്ദ കേന്ദ്രമായിരുന്ന റേഡിയോ ബൂത്തുകൾ പ്രദേശത്തിന്റെ സാംസ്കാരിക വളർച്ചയിൽ വലിയ സ്വാധീനമാണ് ചെലുത്തിയിരുന്നത്.