dam
കനത്ത മഴയെ തുടർന്ന് തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും 15സെന്റി മീറ്റർ വീതം ഉയർത്തി വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കുന്നു

 ഉയർത്തിയത് 15 സെന്റി മീറ്റർ വീതം

പുനലൂർ: തെന്മല പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി നീരൊഴുക്ക് വർദ്ധിച്ചതോടെ ഡാമിന്റെ മൂന്ന് ഷട്ടറുകളും ഇന്നലെ രണ്ട് ഘട്ടമായി 10 സെന്റി മീറ്റർ വീതം ഉയർത്തി വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കി.

നേരത്തെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റി മീറ്റർ വീതം ഉയർത്തിയിരുന്നു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായാണ് അഞ്ച് സെന്റി മീറ്റർ വീതം വീണ്ടും ഉയർത്തിയത്. 115.82 മീറ്റർ പൂർണ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ ഇന്നലെ വൈകിട്ട് നാലോടെ 114.00 മീറ്റർ ജലനിരപ്പാണ് രേഖപ്പെടുത്തിയതെന്ന് കെ.ഐ.പി.അധികൃതർ അറിയിച്ചു.

അണക്കെട്ടിന്റെ പോക്ഷക നദികളായ ശെന്തുരുണി, കഴുതുരുട്ടി, കുളത്തൂപ്പുഴ തുടങ്ങിയവയിൽ ജലനിരപ്പ് ഉയർന്നതാണ് പദ്ധതി പ്രദേശത്തും ജലനിരപ്പ് ഉയരാൻ കാരണം. കഴിഞ്ഞ മൂന്നാഴ്ചയായി വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഇത് കണക്കിലെടുത്താണ് ഷട്ടറുകൾ 15 സെന്റി മീറ്റർ വീതം ഉയർത്തിയത്. ജല നിരപ്പ് വീണ്ടും ഉയർന്നാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്നും അധികൃതർ അറിയിച്ചു.

കല്ലടയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കണക്കിലെടുത്ത് പുനലൂർ നഗരസഭാ അധികൃതർ തീരവാസികൾക്ക് മൈക്ക് അനൗൺസ്‌മെന്റിലൂടെ മുന്നറിയിപ്പ് നൽകി. കൂടാതെ കല്ലടയാറ്റിലെ നിലവിലെ ജല നിരപ്പിൽ നിന്ന് 50സെന്റി മീറ്റർ വരെ വെള്ളം ഉയരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ആറ്റുതീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ അറിയിച്ചു.