
 ഡോക്ടർമാരുൾപ്പെടെ ജീവനക്കാരുടെ കുറവ് തിരിച്ചടി
കൊല്ലം: സ്വസ്ഥമായൊന്ന് ശ്വാസമെടുക്കാൻ പോലും പാരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലം ജില്ലാ ആശുപത്രിയിലും കൊവിഡ് ഡ്യൂട്ടിയിലുള്ളവർക്ക് കഴിയുന്നില്ല. പ്രത്യേകിച്ച് നഴ്സുമാർക്കും ശുചീകരണ ജീവനക്കാർക്കും. രണ്ടിടത്തും കൊവിഡ് ചികിത്സയിലുള്ള രോഗികൾക്ക് ആനുപാതികമായി ഡോക്ടർമാരും മറ്റ് ജീവനക്കാരുമില്ല. ഉള്ളവർ തുടർച്ചയായി ജോലിയെടുത്ത് പി.പി.ഇ കിറ്റിനുള്ളിൽ ഉരുകിയൊലിക്കുകയാണ്.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിലവിൽ 290 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 36 പേർ അത്യാസന്ന നിലയിൽ ഐ.സി.യുവിലാണ്. ബാക്കിയുള്ളവരും ഗുരുതര രോഗലക്ഷങ്ങളുള്ളവരാണ്. അതുകൊണ്ട് തന്നെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സാന്നിദ്ധ്യം തുടർച്ചയായി ഇവർക്ക് വേണം. ജില്ലാ ആശുപത്രിയിൽ കൊവിഡ് ബാധിതർക്കായി നീക്കിവച്ചിട്ടുള്ള 200 കിടക്കകളിൽ ഒന്ന് പോലും കഴിഞ്ഞ ഒന്നരമാസത്തിനിടയിൽ ഒഴിഞ്ഞുകിടന്നിട്ടില്ല. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ആറ് മണിക്കൂറും ജില്ലാ ആശുപത്രിയിൽ എട്ട് മണിക്കൂറും വീതമുള്ള ഷിഫ്ടുകളായാണ് കൊവിഡ് വാർഡിലെ ഡ്യൂട്ടി. പൂർണസമയം കിറ്റ് ധരിച്ചാൽ തളർന്ന് വീഴും. അതുകൊണ്ട് പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ ഒരാൾ പകുതി സമയം കിറ്റ് ധരിച്ചാണ് രോഗികളുടെ അടുത്തേക്ക് പോകുന്നത്. എന്നിട്ടും നഴ്സുമാർ വാർഡിൽ തളർന്ന് വീഴുന്നത് നിത്യസംഭവമാണ്. വിശ്രമമില്ലാത്ത ജോലിക്കിടിയൽ പലരും സ്വന്തം സുരക്ഷ മറക്കും. രണ്ടിടത്തുമായി ഡോക്ടർമാരടക്കം ഏകദേശം നൂറ് ആരോഗ്യ പ്രവർത്തകർക്ക് ഇതിനോടകം കൊവിഡ് ബാധിച്ചു.
 കാഷ്വാലിറ്റിയിൽ ജീവനക്കാരില്ല
പാരിപ്പള്ളി മെഡിക്കൽ കോളേജ് കൊവിഡ് സെന്ററാണെങ്കിലും ഒ.പിയും എമർജൻസി കാഷ്വാലിറ്റിയും പ്രവർത്തിക്കുന്നുണ്ട്. ജില്ലാ ആശുപത്രിയിൽ കാഷ്വാലിറ്റിയും ഡയാലിസിസും അടക്കമുള്ള വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. കൂടുതലാളുകളെ കൊവിഡ് വാർഡുകളിൽ നിയോഗിച്ചിരിക്കുന്നതിനാൽ കാഷ്വാലിറ്റിയിലും ആവശ്യത്തിന് ജീവനക്കാരില്ല.
 നീളുന്ന പ്രതിസന്ധി
1. താത്കാലിക ജീവനക്കാർക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളം
2. ശുചീകരണ തൊഴിലാളികൾ ജോലി ഉപേക്ഷിച്ച് പോകുന്നു
3. ശുചീകരണ ജോലി കൂടി നഴ്സുമാർ ചെയ്യേണ്ട അവസ്ഥ
4. ജില്ലാ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റുമാരുടെ 46 തസ്തിക ഒഴിഞ്ഞുകിടക്കുന്നു
5. ഐ.സി.യു രോഗികളെ ചികിത്സിക്കാൻ പൾമണറി, അനസ്തേഷ്യ സ്പെഷ്യലിസ്റ്റുകളും ഫിസിഷ്യനുമില്ല
 പാരിപ്പള്ളി മെഡിക്കൽ കോളേജ്
സ്ഥിരം ജീവനക്കാർ, കൊവിഡ് ചികിത്സയ്ക്ക് താത്കാലികമായി നിയമിച്ചവർ
ഡോക്ടർ: 120, 21
സ്റ്റാഫ് നഴ്സ്: 125, 99
ശുചീകരണ ജീവനക്കാർ: 80, 30
 ജില്ലാ ആശുപത്രി
സ്ഥിരം ജീവനക്കാർ, കൊവിഡ് ചികിത്സയ്ക്ക് താൽക്കാലികമായി നിയമിച്ചവർ
ഡോക്ടർ: 62 (കൊവിഡ് ഡ്യൂട്ടിക്ക് 49), 21
സ്റ്റാഫ് നഴ്സ്: 108, 42
ശുചീകരണ ജീവനക്കാർ: 80, 30
''
തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികളെ ചികിത്സിക്കാൻ ആവശ്യത്തിന് ഫിസിഷ്യൻ, അനസ്തേഷ്യസ്റ്റ്, പൾമണറി സ്പെഷ്യലിസ്റ്റുകളില്ല. നഴ്സിംഗ് അസിസ്റ്റ്ന്റ് തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. കൂടുതൽ ഐ.സി.യു സജ്ജമായാലും നിയോഗിക്കാൻ ജീവനക്കാരില്ല.
ഡോ. വസന്തദാസ്
ജില്ലാ ആശുപത്രി സൂപ്രണ്ട്