 
പുനലൂർ: നവീകരണം പൂർത്തിയാകുന്ന പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിലെ ഗ്യാരേജ് വിപുലീകരണത്തിന് 35 ലക്ഷം രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ. രാജു അറിയിച്ചു. സ്ഥലം എം.എൽ.എയായ മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. രണ്ട് കോടിയോളം രൂപ ചെലവഴിച്ച് യാർഡിൽ തറയോട് പാകൽ, നിലവിലെ കെട്ടിടത്തിന് മുകളിൽ ഒരു നിലകൂടി പണിയൽ, പ്രവേശന കവാടം നിർമ്മിക്കൽ അടക്കമുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് പുറമെയാണ് ഇപ്പോൾ ഗ്യാരേജ് വിപുലീകരിക്കാൻ 35 ലക്ഷം രൂപ കൂടി അനുവദിച്ചത്. 80 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് തറയോടിന്റെയും പുതിയ കെട്ടിടത്തിന്റെയും പണികൾ പൂർത്തിയാക്കിയത്. ഇത് കൂടാതെ 40 ലക്ഷം രൂപ ചെലവഴിച്ചാണ് ഡിപ്പോയ്ക്ക് മുന്നലെ പുനലൂർ-അഞ്ചൽ പാതയോരത്ത് പുതിയ പ്രവേശന കവാടം പണിയുന്നത്. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യത്തിന് പുറമേ സെക്യൂരിറ്റി മുറിയും പ്രവേശന കവാടത്തോടെപ്പം പണിയും. ഡിപ്പോയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടിയാണ് ഗ്യാരേജ് നവീകരിക്കാൻ പദ്ധതി തയ്യാറാക്കിയത്. നിലവിൽ ബസുകളുടെ അറ്റകുറ്റപ്പണി നടത്താൻ സ്ഥാപിച്ചിട്ടുളള ഷെഡിന്റെ അപാകതകൾ പരിഹരിച്ചാകും നവീകരണ ജോലികൾ ആരംഭിക്കുന്നത്. ഗ്യാരേജിൻെറ ഭാഗമായ എല്ലാ ഭാഗത്തും മേൽക്കൂര സ്ഥാപിക്കും. പൊതുമരാമത്ത് വകുപ്പിലെ കെട്ടിട നിർമ്മാണ വിഭാഗത്തിനാണ് നിർമ്മാണ ചുമതല. പുനലൂരിൽ അന്തർ സംസ്ഥാന സർവീസിന് പുറമേ ദീർഘ ദൂരെ ബസ് സർവീസ് നടത്തുന്ന ജില്ലയിലെ ഏറ്റവും മികച്ച ബസ് ഡിപ്പോയാണ് പുനലൂരിലെ കെ.എസ്.ആർ.ടി.സി ഡിപ്പോ.