
കൊല്ലം: വെള്ളവടിയുമായി ലോട്ടറി വിൽപ്പനയ്ക്കിറങ്ങിയ അന്ധന് ലോക വൈറ്റ് കെയ്ൻ ദിനത്തിൽ ഓട്ടോ ഇടിച്ച് ദാരുണാന്ത്യം. കൊട്ടാരക്കര മേലില സൗത്ത് പനമ്പില അനീഷ് ഭവനിൽ വി.രാജനാണ് (55) മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ കൊട്ടാരക്കര ചെങ്ങമനാട് തുമ്പിക്കോട് സ്കൂളിന് സമീപമായിരുന്നു അപകടം.
റോഡരികിലൂടെ നടക്കവേ പിന്നാലെയെത്തിയ ഓട്ടോ ഇടിച്ചുവീഴ്ത്തിയശേഷം നിറുത്താതെ പോയി. തൽക്ഷണം മരിച്ചു. ഓട്ടോ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോ ഡ്രൈവർ സദാനന്ദപുരം സ്വദേശി റഹീമിനെ (59) കസ്റ്റഡിയിലെടുത്തു. നരഹത്യയ്ക്ക് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: സരസ്വതി. മകൻ: അനീഷ് കുമാർ.
മടക്കം ലൈഫ് വീട്ടിൽ
അന്തിയുറങ്ങാനാകാതെ
ജന്മനാ അന്ധനായ രാജൻ ലോട്ടറി വില്പന നടത്തിയാണ് ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തെ പോറ്റിയിരുന്നത്. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു ടിക്കറ്റ് വിൽപ്പന. മുപ്പത് വർഷമായി വാടക വീട്ടിലായിരുന്നു താമസം. മൂന്നുവർഷം മുൻപ് ലൈഫ് ഭവന പദ്ധതിയിൽ മേലില ഗ്രാമപഞ്ചായത്ത് വീട് അനുവദിച്ചു. പാലുകാച്ചിന്റെ നാളെണ്ണുമ്പോഴാണ് അപ്രതീക്ഷിത വിയോഗം. ഭാര്യ സരസ്വതി നട്ടെല്ല് സംബന്ധമായ അസുഖത്തിന് പത്ത് വർഷമായി ചികിത്സയിലാണ്. കരൾവീക്കവും ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ട്. മകൻ അനീഷ് ടൈൽസ് പണിക്കാരനാണ്.