photo
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനും പരിസരത്ത് പുൽക്കാടുകൾ വളർന്ന് നിൽക്കുന്നു

കരുനാഗപ്പള്ളി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ആളും അനക്കവും കുറഞ്ഞതോടെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനും പരിസരവും ഉഗ്ര വിഷമുള്ള പാമ്പുകളുടെ താവളമാകുന്നു. 24 മണിക്കൂറും പ്രവർത്തന സജ്ജമായിരുന്ന റെയിൽവേ സ്റ്റേഷൻ പരിസരം കൊവിഡിനെ തുടർന്ന് അടച്ച് പൂട്ടിയതോടെയാണ് യാത്രക്കാരുടെ വരവ് കുറഞ്ഞത്. ഇതോടെ റെയിൽവേ സ്റ്റേഷൻ പടയൊഴിഞ്ഞ പടനിലം പോലായി. നിലവിൽ റെയിൽവേ സ്റ്റേഷന്റെ പരിസരത്ത് ഒരാൾ നിന്നാൽ പോലും കാണാൻ കാഴിയാത്തത്ര പൊക്കത്തിൽ പുല്ലുകൾ വളർന്ന് പന്തലിച്ച് നിൽക്കുകയാണ്. റെയിൽവേ സ്റ്റേഷന്റെ വടക്ക് ഭാഗവും റോഡിന്റെ പടിഞ്ഞാറ് വശവും പുൽക്കാടുകളാൽ നിറഞ്ഞുകഴിഞ്ഞു. ആളനക്കം തീരെ ഇല്ലാതായതോടെയാണ് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരം പാമ്പുകളുടെ താവളമായത്.

പുല്ല് ചെത്തി മാറ്റാനാളില്ല

മുൻപ് സ്റ്റേഷൻ പരിസരത്ത് പുല്ല് വളരുമ്പോൾ റെയിൽവേ അധികൃതർ തന്നെ മുൻകൈയെടുത്ത് പുല്ല് ചെത്തി സ്റ്റേഷൻ പരിസരം വൃത്തിയാക്കുമായിരുന്നു. മാവേലിക്കര ഡിവിഷനിൽ നിന്ന് സിവിൽ തൊഴിലാളികൾ എത്തിയാണ് പുല്ല് ചെത്തി മാറ്റിയിരുന്നുത്. റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനം നിലച്ചതോടെ മാവേലിക്കരയിൽ നിന്ന് തൊഴിലാളികൾ എത്താതായി.

പകൽ സമയങ്ങളിൽ പോലും ഉഗ്ര വിഷമുള്ള പാമ്പുകളാണ് റോഡിലൂടെ ഇഴഞ്ഞ് നീങ്ങുന്നത്. റെയിൽവേ സ്റ്റേഷന് സമീപത്ത് താമസിക്കുന്നവർ ഈ റോഡ് വഴിയാണ് പ്രധാന റോഡിലേക്ക് എത്തുന്നത്. ഇഴജന്തുക്കളെ ഭയന്ന് നാട്ടുകാർ ഇതുവഴിയുള്ള യാത്രപോലും ഉപേക്ഷിച്ചിരിക്കുകയാണ്.

വേണാട് എക്‌സ്‌പ്രസിന് മാത്രം സ്റ്റോപ്പ്

നിലവിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വേണാട് എക്‌സ്‌പ്രസിന് മാത്രമാണ് സ്റ്റോപ്പുള്ളത്. കൊവിഡ് പിടിമുറുക്കുന്നതിന് മുൻപുവരെ 50 ട്രെയിനുകൾക്ക് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പുണ്ടായിരുന്നു. ആയിരക്കണക്കിന് യാതക്കാരായിരുന്നു റെയിൽവെ സ്റ്റേഷനിൽ ദിനംപ്രതി വന്നുപോയിരുന്നത്. ഏറെ താമസിക്കാതെ കരുനാഗപ്പള്ളിയിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുമെന്നാണ് അറിയുന്നത്. അതോടെ യാത്രക്കാരുടെ എണ്ണവും വർദ്ധിക്കും.

കരുനാഗപ്പള്ളിയിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുമ്പോൾ യാത്രക്കാരും വർദ്ധിക്കും. ഇതിന് മുൻപ് റെയിൽവേ സ്റ്റേഷൻ പരിസരത്തെ പുൽക്കാടുകൾ ചെത്തിമാറ്റി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം

റെയിൽവേ ആക്ഷൻ കൗൺസിൽ