പുത്തൻതെരുവ് കശിവണ്ടി ഫാക്ടറിക്ക് മുന്നിൽ സംഘടിപ്പിച്ച സമരം മറ്റത്ത് രാജൻ ഉദ്ഘാടനം ചെയ്യുന്നു
കരുനാഗപ്പള്ളി : ഇ.എസ്.ഐയിൽ അംഗങ്ങളായുള്ള തൊഴിലാളികളുടെ മക്കൾക്ക് ലഭിച്ചു കൊണ്ടിരുന്ന മെഡിക്കൽ, ദന്തൽ പ്രവേശന ക്വാട്ട റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കശുഅണ്ടിത്തൊഴിലാളികൾ സംഘടിപ്പിച്ച പണിമുടക്ക് കരുനാഗപ്പള്ളി താലൂക്കിൽ പൂർണം. ഫാക്ടറികളിൽ പണിമുടക്കിയ തൊഴിലാളികൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരത്തിൽ പങ്കു ചേർന്നു. പുത്തൻതെരുവ്, കല്ലേലിഭാഗം ഇ.എസ്.ഐ ആശുപത്രികൾ ഉപരോധിച്ചു. പുത്തൻ തെരുവിൽ താലൂക്ക് കാഷ്യു വർക്കേഴ്സ് യൂണിയൻ സെക്രട്ടറി മറ്റത്ത് രാജനും ആദിനാട് കോർപ്പറേഷൻ ഫാക്ടറിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണിയും തഴവ ബഥേൽ കാഷ്യുവിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗം ആർ. അമ്പിളിക്കുട്ടനും കല്ലേലിഭാഗത്ത് ജില്ലാ പഞ്ചായത്തംഗം അനിൽ എസ് കല്ലേലിഭാഗവും ഉദ്ഘാടനം ചെയ്തു. സംയുക്ത സമര സമിതി നേതാക്കളായ ജി. കൃഷ്ണൻകുട്ടി, വി. സുഗതൻ, ലത്തീഫ്, ജെ. ഹരിദാസൻ, ജെ. സരസൻ, പി. അശോകൻ, വിക്രമൻപിള്ള, പുഷ്പാംഗദൻ എന്നിവർ താലൂക്കിലെ വിവിധ സമര കേന്ദ്രങ്ങളിൽ സംസാരിച്ചു.