 
തഴവ: തഴവ കീഴ്നെല്ലൂർ - മൂത്തേരി മുക്ക് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. കീഴ്നെല്ലൂർ ക്ഷേത്രം മുതൽ എണ്ണൂറ് മീറ്റർ നീളമുള്ള ഈ റോഡ് നൂറ്റി അൻപതിൽപ്പരം കുടുംബങ്ങൾക്ക് സഞ്ചരിക്കാനുള്ള ഏക മാർഗമാണ്. കീഴ്നെല്ലൂർ ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തജനങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇതുവഴിയുള്ള കാൽനടയാത്ര പോലും ദുരിതപൂർണമാണ്. മഴ പെയ്താൽ വെള്ളക്കെട്ടാവുന്ന റോഡിൽ
ഓട നിർമ്മാണവും റോഡ് നവീകരണവും പുർത്തിയാക്കാൻ ശരാശരി അൻപത് ലക്ഷം രൂപ വേണ്ടി വരുമെന്നാണ് കരാറുകാർ പറയുന്നത്. പശ്ചാത്തല വികസനത്തിന് ഒരു വാർഡിന് പ്രതിവർഷം ഒൻപത് ലക്ഷം രൂപ മാത്രമാണ് പഞ്ചായത്തിന് നൽകാൻ കഴിയുന്നത്. അൻപത് ലക്ഷത്തോളം ചെലവ് വരുമെന്ന കാരണത്താൽ ഈ റോഡിനെ പഞ്ചായത്തും കൈവിട്ട മട്ടാണ്. എത്രയും വേഗം റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മൂത്തേരി മുക്ക് റോഡിന്റെ വികസനത്തിന് പദ്ധതി പ്രഖ്യാപനങ്ങളല്ല അടിയന്തര പരിഹാരമാണ് വേണ്ടത്. കുറഞ്ഞ പക്ഷം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനെങ്കിലും അധികൃതർ തയ്യാറാകണം.
ഡി. എബ്രഹാം ,സെക്രട്ടറി , സി.പി.എം ലോക്കൽ കമ്മിറ്റി , തഴവ
ഇരുന്നൂറോളം കുടുംബങ്ങളെയും മറ്റു വഴിയാത്രക്കാരെയും പരിഹസിക്കുന്ന തരത്തിലുള്ള നടപടിയാണ് മൂത്തേരി മുക്ക് റോഡിന്റെ കാര്യത്തിൽ അധികൃതർ തുടരുന്നത്. അടിയന്തര പരിഹാരമുണ്ടാകണം
കൂടത്തറ ശ്രീകുമാർ
പൊതുപ്രവർത്തകൻ
മൂത്തേരി മുക്ക് റോഡ് നവീകരണം പഞ്ചായത്തിന്റെ പരിധിയിൽ ഒതുങ്ങുന്നതല്ല. സ്ഥലം എം.എൽ.എ റോഡിന്റെ ശോച്യാവസ്ഥ നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ടതാണ്. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് മാത്രമാണ് ഇതിന് എക ആശ്രയം.
സലീം അമ്പീ ത്തറ
ഗ്രാമ പഞ്ചായത്ത് അംഗം
8 ലക്ഷം രൂപ
2017-2018 സാമ്പത്തിക വർഷത്തിൽ ആർ. രാമചന്ദ്രൻ എം.എൽ എ റോഡ് നവീകരണത്തിനായി വെള്ളപ്പൊക്ക ദുരിതാശ്വസ ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതനുസരിച്ച് എസ്റ്റിമേറ്റ് എടുക്കുന്നത് ഉൾപ്പടെയുള്ള പദ്ധതി പ്രവർത്തനങ്ങൾ പുർത്തീകരിച്ചെങ്കിലും നടപടികൾ പാതി വഴിയിൽ അവസാനിക്കുകയായിരുന്നു.
യാത്ര മലിനജലത്തിലൂടെ
മഴ പെയ്താൽ വെള്ളക്കെട്ട് രൂപപ്പെടുന്ന റോഡിൽ നീരൊഴുക്കിന് യാതൊരു സംവിധാനങ്ങളും നിലവിലില്ല. ഇതോടെ മാസങ്ങളോളം കെട്ടി നിൽക്കുന്ന മലിനജലത്തിലൂടെയാണ് രോഗികളും കുട്ടികളുമടക്കമുള്ള ഗ്രാമവാസികൾ യാത്ര ചെയ്യേണ്ടി വരുന്നത്. റോഡിന്റെ ഒരു വശത്ത് ഓട നിർമ്മിച്ച് വെള്ളം സമീപത്തെ കടത്തറ വയലിലേക്ക് ഒഴുക്കിവിട്ടാൽ മാത്രമേ നിലവിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവൂ.