
കൊല്ലം: ശ്രീനാരായണ ഗുരുദേവ ദർശനം പഠിപ്പിക്കാൻ കേരളത്തിലെ സർവകലാശാലകൾ വിമുഖത കാട്ടുമ്പോൾ, 750 കോളേജുകൾ അഫിലിയേറ്റ് ചെയ്തിട്ടുള്ള മുംബയ് സർവകലാശാല അതിന് തയ്യാറായി മുന്നോട്ട്. ഗുരുദേവന്റെ അദ്വൈത വേദാന്ത ദർശനം ആസ്പദമാക്കി ഡിപ്ലോമ, അഡ്വാൻസ് ഡിപ്ലോമ, എം.എ ഫിലോസഫി, എംഫിൽ കോഴ്സുകൾക്ക് പുറമേ ഗവേഷണവും ആരംഭിക്കും.
ഡൽഹി ആസ്ഥാനമായ ദി യൂണിവേഴ്സൽ കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണഗുരു ഓർഗനൈസേഷൻസ് (എസ്.എൻ.ജി.സി) 2019ൽ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മുംബയ് സർവകലാശാല ഇതേക്കുറിച്ച് ആലോചന തുടങ്ങിയത്. സർവകലാശാലയിലെ ഫിലോസഫി വിഭാഗം ബോർഡ് ഒഫ് സ്റ്റഡീസ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രമുഖ കോളേജുകളിലെ ചരിത്ര, തത്വശാസ്ത്ര വിഭാഗം അദ്ധ്യാപകരുമായി ചർച്ചയും സാദ്ധ്യതാ പഠനവും നടത്തിയ ശേഷമാണ്
തീരുമാനമെടുത്തത്.
സിലബസ് തയ്യാറാക്കാൻ ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരടക്കമുള്ള 20 പ്രമുഖരുടെ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ കോഴ്സുകൾ ആരംഭിക്കാൻ സർവകലാശാലകൾക്ക് യു.ജി.സി നൽകിയിരുന്ന ധനസഹായം നിറുത്തിവച്ചത് ഇടയ്ക്ക് തടസമായി. സർവകലാശാലയ്ക്ക്
ഒരു കോടി രൂപ കോർപ്പസ് ഫണ്ട് വേണം. റഫറൻസ് പുസ്തകങ്ങൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ഈ തുക എസ്.എൻ.ജി.സി വാഗ്ദാനം ചെയ്തിരിക്കുകയാണ്.
എസ്.എൻ.ജി.സിയുടെ ഭാഗമായ മുംബയിലെ പ്രമുഖ ശ്രീനാരായണ സംഘടന ശ്രീനാരായണ മന്ദിര സമിതി വലിയൊരു തുക നൽകും. ബാക്കി തുക അംഗങ്ങളിൽ നിന്ന് കണ്ടെത്തും. കോർപ്പസ് ഫണ്ടിന്റെ പലിശ ഉപയോഗിച്ചാവും സർവകലാശാല കോഴ്സ് നടത്തുക. ഇതുമായി ബന്ധപ്പെട്ട് സർവകലാശാലയും എസ്.എൻ.ജി.സിയും തമ്മിൽ ഉടൻ ധാരണാപത്രത്തിൽ ഒപ്പിടും.
''ഈ അക്കാഡമിക് വർഷം തന്നെ ഗുരുദേവന്റെ ആദ്വൈത ദർശനം ആസ്പദമാക്കിയുള്ള കോഴ്സ് തുടങ്ങാനുള്ള പരിശ്രമത്തിലാണ് ''.
-വി.കെ. മുഹമ്മദ്, പ്രസിഡന്റ്,
എസ്.എൻ.ജി.സി, ഡൽഹി