vanam
കൊല്ലം ബീച്ചിൽ വേരുറപ്പിക്കുന്ന പച്ചത്തുരുത്ത്

 ജില്ലയിൽ ഹരിതകേരളം മിഷന്റെ ചെറുവനങ്ങൾ

കൊല്ലം: ജില്ലയിലെ വിവിധ ഭാഗങ്ങളിലെ പത്തേക്കർ ഭൂമിയിൽ വളരുന്നത് 100 ചെറുവനങ്ങൾ. ഹരിത കേരളം മിഷൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരുക്കിയ പച്ചത്തുരുത്തുകളാണ് പ്രതീക്ഷയുടെ തണലാകുന്നത്.

പൂർത്തീകരണ പ്രഖ്യാപനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചിരുന്നു. ജില്ലയിലെ 38 തദ്ദേശ സ്ഥാപനങ്ങളിലാണ് നിലവിൽ പച്ചത്തുരുത്തുകളുള്ളത്. കൊല്ലം നഗരസഭയിലെ 23 ഡിവിഷനുകളിലാണ് പച്ചത്തുരുത്തുകൾ രൂപപ്പെടുത്തിയത്. കൊല്ലം ബീച്ചിനോട് ചേർന്ന് സ്ഥിരമായി മാലിന്യം നിക്ഷേപിച്ചിരുന്ന സ്ഥലവും പച്ചത്തുരുത്തായി രൂപാന്തരപ്പെടുത്തി.

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സഹായത്തോടെയാണ് നിലമൊരുക്കൽ, നടീൽ, ജൈവവേലി പരിപാലനം തുടങ്ങിയവ പൂർത്തിയാക്കിയത്. കരുനാഗപ്പള്ളി സർക്കാർ ആയുർവേദ ആശുപത്രി വളപ്പിലെ ഔഷധ കാടും ശ്രദ്ധേയമാണ്. രണ്ട് സെന്റ് സ്ഥലത്താണ് ഇവിടെ ഔഷധ വനം ഒരുക്കിയത്. നഗരസഭയുടെ ശ്മശാനത്തോട് ചേർന്ന 40 സെന്റ് സ്ഥലത്ത് കൊച്ചി മംഗളവനം മാതൃകയിൽ ചെറുകാട് വളർത്തുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. മുള, കുറ്റിച്ചെടികൾ, ഔഷധച്ചെടികൾ, വൃക്ഷങ്ങൾ, ജൈവവേലി എന്നിങ്ങനെ പ്രദേശത്തിന് അനുയോജ്യമായ മാതൃകകൾ ഒരുക്കുകയാണ്. ചിറക്കര, കുളത്തൂപ്പുഴ പഞ്ചായത്തുകൾ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ പച്ചത്തുരുത്തിന്റെ തണലൊരുങ്ങിത്തുടങ്ങി.

 ഖനന മേഖലയിൽ വന സൗന്ദര്യം


ആലപ്പാട് പഞ്ചായത്തിൽ ഖനനം കഴിഞ്ഞ പ്രദേശങ്ങളിലാകെ ജൈവ വനം സൃഷ്ടിക്കുകയാണ് ഹരിത കേരളം മിഷനും പഞ്ചായത്തും. ഖനനം നടത്തിയ രണ്ടര ഏക്കർ ഭൂമിയിലാണ് പച്ചത്തുരുത്ത് ഒരുക്കിയത്. ഫല വൃക്ഷത്തൈകളാണ് കൂടുതലും നട്ടത്.

 പത്തേക്കറിലെ പച്ചത്തുരുത്തുകൾ

1. പൊതുസ്ഥലങ്ങൾ ഉൾപ്പെടെ തരിശുഭൂമി കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തിയാണ് സ്വാഭാവിക ജൈവ വൈവിദ്ധ്യ തുരുത്തുകൾ സൃഷ്ടിച്ചത്

2. പച്ചത്തുരുത്തിന് ആവശ്യമായ തൈകൾ ലഭ്യമാക്കിയത് സാമൂഹിക വനവത്കരണ വകുപ്പാണ്

3. ഐ.ടി മിഷന്റെ സഹായത്തോടെ ഉപഗ്രഹ മാപ്പിംഗ് ഉപയോഗിച്ച് ഓരോ പച്ചത്തുരുത്തുകളുടെയും സ്ഥാനം, വിസ്തൃതി, തൈകളുടെ എണ്ണം, ഇനം എന്നിവ അടയാളപ്പെടുത്തുന്നതിനുള്ള മാപ്പത്തോൺ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു

 ജില്ലയിൽ ചെറുവനങ്ങൾ: 100

 ആകെ സ്ഥലം: 10 ഏക്കർ

''

മാലിന്യം മൂടിയതും ഖനനം നടന്നതുമായ സ്ഥലങ്ങളിലാണ് തൈകൾ നട്ടത്ത്. പച്ചത്തുരുത്തുകൾ തളിർത്തുതുടങ്ങി. കൂടുതൽ മേഖലകളിലേക്ക് അതിജീവനത്തിന്റെ തുരുത്തുകൾ വ്യാപിപ്പിക്കും.

ഹരിതകേരളം മിഷൻ