
കൊല്ലം: ഹലോ, മൈക്ക് ടെസ്റ്രിംഗ്, മൈക്ക് ടെസ്റ്റിംഗ്... പ്രിയമുള്ള ജനാധിപത്യ വിശ്വാസികളേ, സമ്മതിദായകരേ, ഈ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ.....
അങ്ങ് ദൂരെ നിന്ന് അനൗൺസ്‌മെന്റ് ശബ്ദം ഒഴുകിയെത്തുമ്പോഴേക്കും പാതയോരങ്ങളിലേക്ക് കണ്ണും കാതുമെറിഞ്ഞ് ജനങ്ങൾ കാത്തുനിൽക്കും. ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഇത്തരം അനൗൺസ്‌മെന്റുകൾ സൃഷ്ടിക്കുന്ന ആവേശം ചെറുതല്ല. നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ പോലെയല്ല തദ്ദേശ തിരഞ്ഞെടുപ്പ്. എല്ലാ വാർഡിലും സ്ഥാനാർത്ഥികൾക്ക് വാഹനം വേണം. മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികൾക്കുമായി മൂന്ന് വാഹനം ചെറിയ വാർഡിൽ തലങ്ങും വിലങ്ങും പായും. ഇതിന് പുറമെ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വാഹനങ്ങളും വന്നുപോകും. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി ഡിവിഷനുകളിലും സ്ഥിതി സമാനമാണ്.
നൂറ് കണക്കിന് തൊഴിലാളികളുടെ ജീവിത മാർഗമാണ് ഈ മൈക്കും അത് സൃഷ്ടിക്കുന്ന ആവേശങ്ങളും. കഴിഞ്ഞ മീനച്ചൂടിൽ ഉത്സവ ആവേശങ്ങൾ ആകാശത്തോളം ഉയർന്ന കാലത്താണ് അപ്രതീക്ഷിതമായി കൊവിഡ് വ്യാപനമുണ്ടായത്. അന്ന് അമ്പലവരമ്പിൽ നിന്നഴിച്ചുവച്ച മൈക്ക് സെറ്റുകൾ പിന്നീട് ഇതുവരെ ഉപയോഗിക്കാൻ തൊഴിലാളികൾക്കും ഉടമകൾക്കുമായില്ല. ഉത്സവകാലങ്ങൾക്കൊപ്പം ഓണവും ആഘോഷങ്ങളില്ലാതെ കടന്നുപോയപ്പോൾ ദുരിതത്തിലായത് നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളാണ്.
ഓരോ വർഷവും ലക്ഷങ്ങൾ മുടക്കി പുതിയ ഉപകരണങ്ങൾ വാങ്ങിയ ഉടമകളും കടക്കെണിയിലായി. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പാണ് ഇനി ഇവരുടെയെല്ലാം പ്രതീക്ഷ. മൈക്ക് സെറ്റ് തൊഴിലാളികളുടെ മാത്രമല്ല, ചുവരെഴുത്ത് കലാകാരന്മാർ, ബാനറുകൾ എഴുതുന്നവർ, അച്ചടി പ്രസുകൾ, ഫ്ളക്സ് പ്രിന്റിംഗ് യൂണിറ്റുകൾ, ടാക്‌സി കാറുകളുടെ ഉടമകളും ഡ്രൈവർമാരും തുടങ്ങി കൊവിഡ് കാലത്ത് ജീവിത പ്രതിസന്ധി നേരിട്ട മിക്കവരും അതിജീവന കാലമായി കരുതുന്നത് തദ്ദേശ തിരഞ്ഞെടുപ്പിനെയാണ്. നിയന്ത്രണങ്ങൾ മാറി, വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് അവസരമൊരുങ്ങിയാൽ താത്കാലിക ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം.