 
തക്കാളി കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു
എഴുകോൺ: കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ എഴുകോൺ മേൽപ്പാലത്തിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. എഴുകോൺ ജംഗ്ഷന് സമീപമുള്ള റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡാണ് വാഹനങ്ങൾക്ക് അപകടക്കെണിയൊരുക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി തമിഴ്നാട്ടിൽ നിന്ന് തക്കാളി കയറ്റി വന്ന ലോറി മഴയിൽ നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞതോടെ 10 മാസത്തിനുള്ളിൽ നടക്കുന്ന ഏഴാമത്തെ അപകടമാണിത്. 15ന് രാത്രി ഒരു മണിക്കായിരുന്നു അപകടം. സേലം സ്വദേശികളായ ഡ്രൈവർ പ്രകാശ്, സഹായി ജോർജ് എന്നിവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നിസാര പരിക്കേറ്റ ജോർജിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
ചിതറി വീണ തക്കാളികൾ
വഴിയാത്രക്കാർ കൊണ്ടുപോയി
അപകടത്തെ തുടർന്ന് കൊല്ലം - തിരുമംഗലം ദേശീയപാതയിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. ക്രെയിനുൾപ്പെടെയുള്ള സംവിധാനങ്ങളെത്തിച്ച് ഇന്നലെ ഉച്ചയോടെ ലോറി ഉയർത്തി മാറ്റിയശേഷമാണ് ദേശീയപാതയിൽ ഗതാഗതം സാധാരണ നിലയിലായത്. അപകടത്തെ തുടർന്ന് ചിതറി വീണ തക്കാളികൾ വഴിയാത്രക്കാർ കൊണ്ടുപോയി. റോഡിൽ ചിതറിയവ വാഹനങ്ങൾ കയറിയിറങ്ങി ചതഞ്ഞരഞ്ഞു. എഴുകോൺ പൊലീസ് കേസെടുത്തു.
 10 മാസത്തിനുള്ളിൽ നടന്നത് 7 വാഹനാപകടങ്ങൾ
കോൺട്രാക്ടറിന് കൊവിഡ്
റോഡ് വക്കിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാനുള്ള നടപടി പൂർത്തിയായിട്ടുണ്ട്. കോൺട്രാക്ടർ കൊവിഡ് ബാധിച്ച് ചികിത്സയിൽ ആയതിനാലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ വൈകുന്നത്
നാഷണൽ ഹൈവേ അധികൃതർ
പൊള്ളാച്ചിയിൽ നിന്നുള്ള ലോറി
പൊള്ളാച്ചിയിൽ നിന്ന് കൊല്ലത്തേക്ക് തക്കാളി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. രാത്രിയിൽ പെയ്ത ചാറ്റൽ മഴയിൽ നിയന്ത്രണം തെറ്റിയ വാഹനം റോഡിൽ നിരവധി തവണ തെന്നി നീങ്ങിയ ശേഷം 20 അടിയോളം താഴെയുള്ള പാങ്ങോട് ശിവഗിരി റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. ചാലകുടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്. കൊടും വളവിനൊപ്പം ഇറക്കവും കൂടിയ ആയതിനാൽ വേഗതയിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.