
കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന്റെ ഉത്തരവാദിത്വം ക്ഷേത്രഭരണസമിതി അംഗങ്ങളിലും കരാറുകാരിലുമായി ക്രൈം ബ്രാഞ്ച് ചുരുക്കിയപ്പോൾ ജില്ലാ ഭരണകൂടത്തിനും പൊലീസിനും സംഭവിച്ച വീഴ്ചകൾ കേന്ദ്ര അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുണ്ട്.
സുരക്ഷാ വീഴ്ചയും സ്‌ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിലെ അലംഭാവവുമാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് വിലയിരുത്തിയ ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പൊലീസിനും ജില്ലാ ഭരണകൂടത്തിനും ക്ലീൻചിറ്റാണ്. എന്നാൽ കേന്ദ്ര സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ പുറ്റിങ്ങൽ ദുരന്തത്തിന്റെ ശാസ്ത്രീയ കാരണങ്ങളാണ് അന്വേഷിച്ചത്.
ചെന്നൈ എക്‌സ്‌പ്ലോസീവ്‌സ് ജോയിന്റ് ചീഫ് കൺട്രോളർ ഡോ. എ.കെ. യാദവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ഒരുമാസം കൊണ്ട് അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ക്ഷേത്ര ഭരണിസമിതിയിലേക്ക് മാത്രം ഉത്തരവാദിത്വം ഒതുക്കാൻ കഴിയില്ലെന്നും വെടിക്കെട്ട് നടത്തുന്നത് തടയാൻ പൊലീസും ജില്ലാ ഭരണകൂടവും ശ്രമിച്ചില്ലെന്നും റിപ്പോർട്ട് പറയുന്നു. വെടിക്കെട്ട് നടക്കുമെന്ന കാര്യം ബന്ധപ്പെട്ടെ ഉദ്യോഗസ്ഥരിൽ പലർക്കും അറിയാമായിരുന്നുവെന്നും അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പിൽ ബോദ്ധ്യപ്പെട്ടിരുന്നു.
ജില്ലാ ഭരണകൂടം നിരോധിച്ച മത്സര വെടിക്കെട്ട് നടത്താൻ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എൻ. പീതാംബരക്കുറുപ്പ് സഹായിച്ചുവെന്ന ക്ഷേത്രഭാരവാഹികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീതാംബരക്കുറുപ്പിനും കേന്ദ്ര അന്വേഷണ സംഘം സമൻസ് അയച്ചിരുന്നു. മൊഴി നൽകാനെത്തിയ പീതാംബരക്കുറുപ്പിന് വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് അഭിഭാഷകൻ മുഖേനെ വിശദീകരണം എഴുതി നൽകുകയായിരുന്നു.
ദുരന്തത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ കഴിഞ്ഞ സർക്കാർ നിയോഗിച്ച ജസ്റ്റിസ് എൻ. കൃഷ്ണൻനായർ കമ്മിഷൻ രാജിവച്ചിരുന്നു. തുടർന്ന് ജസ്റ്റിസ് പി.എസ്. ഗോപിനാഥനെ ജുഡീഷ്യൽ കമ്മിഷനായി നിയമിച്ചു. എന്നാൽ കമ്മിഷന്റെ പ്രവർത്തനത്തിനാവശ്യമായ ഓഫീസ്, ജീവനക്കാർ തുടങ്ങിയ സൗകര്യങ്ങളൊന്നും സർക്കാർ ആദ്യ ഘട്ടത്തിൽ നൽകിയില്ല. കഴിഞ്ഞ വർഷം ജൂലായിൽ ജസ്റ്രിസ് പി.എസ്. ഗോപിനാഥൻ കമ്മിഷൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചു.
180 ലേറെ വീടുകളാണ് പൊട്ടിത്തെറിയിൽ തകർന്നത്. നൂറിലേറെ കിണറുകൾ ഉപയോഗശൂന്യമായി. ക്ഷേത്രത്തിന് ഒന്നര കിലോമീറ്റർ അകലെ പരവൂർ ജംഗ്ഷനിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന ആളുടെ ശരീരത്തിലേക്ക് പൊട്ടിത്തെറിച്ച കോൺക്രീറ്റ് പാളി വീണ് ദാരുണമായാണ് മരിച്ചത്.