 
കരുനാഗപ്പള്ളി: കൊവിഡിന്റെ പശ്ചാത്തലത്തിൽ നിറുത്തലാക്കിയ ട്രെയിനുകൾക്ക് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിറുത്തി വെച്ച പല ട്രെയിനുകളും ഓടി തുടങ്ങിയെങ്കിലും വേണാട് എക്സ് പ്രസിന് മാത്രമാണ് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് ഉള്ളത്. പാസഞ്ചർ ട്രെയിനുകൾ ഒാടി തുടങ്ങിയിട്ടുമില്ല. കൊവിഡ് വ്യാപനത്തെ തുടർന്ന് ട്രെയിൻ സർവീസുകൾ നിറുത്തുന്നതിന് മുൻപ് വരെ 50 ഓളം ട്രെയിനുകൾക്ക് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് ഉണ്ടായിരുന്നു. ശാസ്താംകോട്ട, ഭരണിക്കാവ്, ചവറ, മൈനാഗപ്പള്ളി, ഓച്ചിറ,കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നും ആയിരക്കണക്കിന് യാത്രക്കാരാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നത്.
വൻ സാമ്പത്തിക നഷ്ടം
ഇപ്പോൾ യാത്രക്കാരെല്ലാം ധർമ്മ സങ്കടത്തിലാണ്. കൊവിഡ് നില നിൽക്കുമ്പോഴും മാനദണ്ഡങ്ങൾക്ക് വിധേയമായി നിരവധി ട്രെയിനുകൾ സർവീസ് നടത്തുന്നണ്ടെങ്കിലും ഒന്നിനും കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് അനുവദിച്ചട്ടില്ല. ഇതാണ് യാത്രക്കാരെ വലയ്ക്കുന്നത്. ദീർഘ ദൂര ട്രെയിനുകളെ ആശ്രയിച്ചിരുന്ന യാത്രക്കാരിൽ ബഹുഭൂരിപക്ഷം പേരും ഇപ്പോൾ ജോലി സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിക്കുകയാണ് . 10 ന് മുകളിൽ എണ്ണം വരുന്ന ജീവനക്കാർ ട്രാവലർ പോലുള്ള സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതു മൂലം യാത്രക്കാർക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു. കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റുന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് യാത്രക്കാർ പറയുന്നു.
സ്റ്റോപ്പ് അനുവദിക്കണം
കേരള ഫീഡ്സ്, കേരഫെഡ്, വെയർഹൗസിംഗ് കോർപ്പറേഷൻ, ഐ.ആർ.ഇ, കെ.എം.എം.എൽ, എഫ്.സി.ഐ, ഇൻഡസ്ട്രീയൽ എസ്റ്റേറ്റ് തുടങ്ങിയ പൊതു മേഖലാ സ്ഥാപനങ്ങളിൽ ദൂരെ സ്ഥലങ്ങളിൽ നിന്നായി നിരവധി ഉദ്യോഗസ്ഥരാണ് വന്ന് പോകുന്നത്. ഇവരെല്ലാം ഓഫീസികളിൽ എത്താൻ പെടാപാട് പെടുകയാണ്. സർക്കാർ ഓഫീസുകളിലേയും സ്ഥിതി മറിച്ചല്ല. ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടായിരുന്നെങ്കിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. ട്രെയിനുകൾ സർവീസ് തുടങ്ങിയ സാഹചര്യത്തിൽ മാനദണ്ഡങ്ങൾക്കി വിധേയമായി ദീർഘദൂര സർവീസുകൾക്ക് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.