
കൊല്ലം: പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് 59 പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് പരവൂർ ജൂഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഇന്നലെ കുറ്റപത്രം സമർപ്പിച്ചു.സുരക്ഷാ വീഴ്ചയും സ്‌ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിലെ അലംഭാവവുമാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് ഐ.ജി ശ്രീജിത്തിന്റെ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. 553 പേജുകളുള്ള കുറ്റപത്രത്തിൽ 1,417 സാക്ഷികളുണ്ട്. 1,611 രേഖകളും 376 തൊണ്ടിമുതലുകളും സമർപ്പിച്ചു.2016 ഏപ്രിൽ 10ന് പുലർച്ചെ 3.10 ഓടെയാണ് 110 പേർ മരിക്കുകയും 720 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തമുണ്ടായത്. ഏഴ് പ്രതികൾ ജീവിച്ചിരിപ്പില്ല. ഒന്ന് മുതൽ 15 വരെ പ്രതികൾ ഭരണസമിതി അംഗങ്ങളാണ്. ഇവരും വെടിക്കെട്ട് കരാറുകാരും അവരുടെ സ്ഥിരം തൊഴിലാളികളും ഉൾപ്പെടെ 27 പേർക്കെതിരെ കൊലക്കുറ്റവും മറ്റുള്ളവർക്ക് മേൽ സ്ഫോടക വസ്‌തു നിയമം,, പൊതുമുതൽ നശീകരണം തുടങ്ങി വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കരട് കുറ്റപത്രം രണ്ടര വർഷം മുമ്പ് തയ്യാറാക്കിയെങ്കിലും കോടതിയിൽ സമർപ്പിക്കുന്നത് നീണ്ടു.
അപകടത്തിൽ കണ്ണ്, കാൽ, കൈ തുടങ്ങിയ അവയവങ്ങൾ നഷ്ടമായ 720 പേരെ കോടതിയിൽ വിസ്തരിക്കും. മരിച്ച അഞ്ചുപേരെ ഡി.എൻ.എ പരിശോധനയിലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും വിസ്തരിക്കും. വെടിക്കെട്ട് സാമഗ്രികളുടെ 450 തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.എസ്.പി ജി. ശ്രീധരൻ, ഡിവൈ.എസ്.പിമാരായ ബി.രാധാകൃഷ്ണ പിള്ള, എ.ഷാനവാസ്, എൻ.എ. ബൈജു, സുരേഷ് കുമാർ, പി. ഗോപകുമാരൻ നായർ. എം.രാധാകൃഷ്ണൻ നായർ, ആർ.ജയശങ്കർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. ഇപ്പോഴത്തെ ആലപ്പുഴ എസ്.പി. പി. സാബുവാണ് കുറ്റപത്രം സമർപ്പിച്ചത്.