
കൊല്ലം: ആകാശവിസ്മയങ്ങൾ കണ്ടും ഹൃദയം പൊട്ടുമാറുച്ചത്തിലുള്ള ശബ്ദഘോഷങ്ങളും കേട്ട് പുളകിതരായിരുന്ന മനുഷ്യർ നിമിഷങ്ങൾക്കകം വെറും മാംസ കഷണങ്ങളായി. അന്തീക്ഷത്തിൽ വെടിമരുന്നിന്റേതിനൊപ്പം രക്തഗന്ധം പടർന്നു. എങ്ങും മുറിഞ്ഞുമാറിയ ശരീര ഭാഗങ്ങൾ. പ്രാണനുവേണ്ടിയുള്ള ഞരക്കങ്ങൾ. ഉറ്റവർക്കായുള്ള പരക്കം പാച്ചിലുകൾ. കേരളം ഞെട്ടിയ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം.
മഹാദുരന്തം നടന്ന് നാലര വർഷം പിന്നിടുമ്പോഴാണ് കുറ്റപത്രം കോടതിയിൽ എത്തിയിരിക്കുന്നത്. 110 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. 720 പേർക്ക് സാരമായി പരിക്കേറ്റു. 2016 ഏപ്രിൽ 10ന് പുലർച്ചെ 3.15 ഓടെയായിരുന്നു മഹാദുരന്തം. പുറ്റിങ്ങലമ്മയുടെ തിരുനാളായ മീനഭരണി നാളിൽ പതിവ് പോലെ ഉത്സവത്തിമിർപ്പിലായിരുന്നു ദേശം. രാത്രിയുള്ള പ്രസിദ്ധമായ വെടിക്കെട്ട് ആസ്വദിക്കാൻ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകളെത്തി. ആകാശത്ത് അമിട്ടുകൾ മഴവില്ലഴക് സൃഷ്ടിച്ചു. ഗുണ്ടുകൾ ഇടിവെട്ട് പോലെ പ്രകമ്പനം തീർത്തു.
ക്ഷേത്ര മൈതാനിയിൽ തടിച്ചുകൂടിയിരുന്ന മനുഷ്യസഞ്ചയം പുളകം കൊണ്ടിരിക്കുമ്പോഴാണ് ആയിരം അമിട്ടുകൾ ഒരുമിച്ച് പൊട്ടിയത് പോലെ ഉഗ്ര സ്ഫോടനം ഉണ്ടായത്. മനുഷ്യശരീരങ്ങൾ ചിന്നിച്ചിതറി. ഏങ്ങും ചേതനയറ്റ ശരീരങ്ങൾ. ചെറിയ പരിക്കേറ്റവർ തന്നെ ആദ്യം രക്ഷപ്രാവർത്തകരായി. ഉടൻ തന്നെ സൈറൺ മുഴങ്ങി ഫയർഫോഴ്സും കൂടുതൽ പൊലീസ് സംഘവും സ്ഥലത്തേക്ക് പാഞ്ഞെത്തി. ചിന്നിച്ചിതറിയ ശരീര ഭാഗങ്ങളും പ്രാണന് വേണ്ടി നിലവിളിച്ചുകൊണ്ടിരുന്നവരെയും വാരിയെടുത്ത് ആബുലൻസുകൾ ആശുപത്രികളിലേക്ക് പാഞ്ഞു.
ജീവന്റെ തുടിപ്പ് അവശേഷിച്ചിരുന്നവരിൽ പലരും വഴി മദ്ധ്യേ മരിച്ചു. മറ്റ് ചിലർ ആശുപത്രികളിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. വെടിക്കെട്ടിനിടയിൽ കമ്പപ്പുരയിൽ ചെറിയ തീപ്പൊരി വീണതാണ് മഹാദുരന്തത്തിന് കാരണമെന്ന് പറയുന്നു. വെടിക്കെട്ട് സാമഗ്രികൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് കമ്പപ്പുരയുടെ കോൺക്രീറ്റ് മേൽക്കൂരയും തൂണുകളും ചിന്നിച്ചിതറി പതിച്ചാണ് കൂടുതൽ പേർക്കും മരണത്തിലേക്ക് നയിച്ച പരിക്കുകൾ സംഭവിച്ചത്.
രണ്ട് കിലോ മീറ്ററുകൾക്ക് അപ്പുറത്ത് വരെ കോൺക്രീറ്റ് ചീളുകൾ പതിച്ചിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. കിണറുകൾ ഇടിഞ്ഞുതാണു.
ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് പുറ്റിങ്ങൽ ദേശം ഇനിയും മോചനം നേടിയിട്ടില്ല. മരിച്ചത് അവിടുത്തുകാർ മാത്രമായിരുന്നില്ല. ദൂരസ്ഥലങ്ങളിൽ നിന്ന് കമ്പം കാണാനെത്തിയവർ ആയിരുന്നു അധികവും.