mayyanad
മയ്യനാട് റെയിൽവേ സ്റ്റേഷൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആരംഭിച്ച മാസ് കാമ്പയിന്റെ ഭാഗമായി റെയിൽവേ മന്ത്രി പീയുഷ് ഗോയലിന് കൂട്ട ഇ - മെയിൽ അയയ്ക്കുന്നതിന്റെ ഉദ്ഘാടനം കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ നിർവഹിക്കുന്നു

കൊല്ലം: മയ്യനാടിനോടുള്ള റെയിൽവേയുടെ അവഗണനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് മാസ് കാമ്പയിൻ ആരംഭിച്ചു. വേണാടിന്റെ മയ്യനാട്ടെ സ്റ്റോപ്പ് പുനരാരംഭിക്കുക, മയ്യനാട് ഹാൾട്ട് സ്റ്റേഷനാക്കുന്ന നടപടി പിൻവലിക്കുക, സ്റ്റേഷനിലെ വികസന പദ്ധതികൾ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഇതോടനുബന്ധിച്ച് റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് പ്രവർത്തകർ പതിനായിരം ഇ - മെയിലുകൾ അയക്കും. മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം അറിയിക്കും. കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ ആദ്യ മെയിൽ അയച്ച് കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് അസംബ്ളി പ്രസിഡന്റ് പിണയ്ക്കൽ ഫൈസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ, ബി. ശങ്കരനാരായണപിള്ള, വിപിൻവിക്രം, ലിജുലാൽ, ഷാജഹാൻ പാലയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.