 
തൊടിയൂർ: പാൽ ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തതയിൽ എത്തിയെന്നും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി കെ. രാജു പറഞ്ഞു. മൃഗാശുപത്രികളിൽ 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന ശോഭനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കരുനാഗപ്പള്ളി ഇടക്കുളങ്ങര വെറ്രറിനറി പോളി ക്ലിനിക്കിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കൊവിഡ് കാലത്തെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തതയിൽ എത്താൻ സംസ്ഥാനത്തിന് കഴിഞ്ഞത് സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കന്നുകാലികളുടെ എണ്ണത്തിൽ വർദ്ധനവ് വന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കടവിക്കാട്ട് മോഹനൻ, ശ്രീലേഖാ കൃഷ്ണകുമാർ, എസ്. ശ്രീലത, പി. സെലീന, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, ശ്രീലേഖാ വേണുഗോപാൽ, നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, ജെ. ജയകൃഷ്ണപിള്ള, കെ. സുജാത തുടങ്ങിയവർ പങ്കെടുത്തു. മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ.എം. ദിലീപ് സ്വാഗതവും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. നിഷ നന്ദിയും പറഞ്ഞു.