face

കൊല്ലം: കെ.പി.സി ജനറൽ സെക്രട്ടറി അഡ്വ. എ. ഷാനവാസ് ഖാന് ഏതോ വിരുതൻ ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണികൊടുത്തു. '' ഉമ്മൻചാണ്ടി വഞ്ചകൻ... കൂടെ നിൽക്കുന്നില്ല, ഇനി എന്റെ പ്രവർത്തനം രമേശിന്റെ കൂടെയാണ്'' ഷാനവാസ് ഖാന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്ത ആരോ ഇങ്ങനെ പോസ്റ്റിടുകയായിരുന്നു.

ഉമ്മൻചാണ്ടിയുടെ ഉറ്റ അനുയായിയായ എ. ഷാനവാസ് ഖാൻ ജില്ലയിലെ എ ഗ്രൂപ്പിന്റെ നേതാവാണ്. ഇന്നലെ രാവിലെ പാതിവ് പോലെ ചായ കുടിച്ച് ഇരിക്കുമ്പോഴാണ് ഫോണിലേക്ക് നിരന്തരം വിളികളെത്തിയത്. സാർ ഗ്രൂപ്പ് മാറിയോ എന്നായിരുന്നു പലരുടെയും ചോദ്യം. എന്താണ് ഉമ്മൻചാണ്ടി സാറുമായി പ്രശ്നം എന്തായിരുന്നു മറ്റ് ചിലരുടെ ചോദ്യം. പ്രമുഖനേതാക്കൾ പോലും പോസ്റ്റ് കണ്ട് തെറ്റിദ്ധരിച്ച് വിളിച്ചു. അല്പ നേരം കഴിഞ്ഞപ്പോഴേക്കും പണി ഒപ്പിച്ച ആൾ തന്നെ പോസ്റ്റ് നീക്കം ചെയ്തു. എന്നിട്ടും പ്രശ്നം അവസാനിച്ചില്ല. പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് വാട്സ് ആപ്പിലും ഫെയ്സ് ബുക്കിലും പ്രചരിക്കുകയാണ്.

ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യാൻ ഷാനവാസ് ഖാൻ ഒരു കോൺഗ്രസ് പ്രവർത്തകനെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇയാളാണ് ആശംസകളും മറ്റും തയ്യാറാക്കി പോസ്റ്റ് ചെയ്തിരുന്നത്. പാട്ടിക്കുള്ളിൽ തന്നെയുള്ള ഏതെോ വിരുതനാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം. ഷാനവാസ്ഖാൻ തന്റെ ഫേസ് ബാക്ക് ഹാക്ക് ചെയ്തതായി ചൂണ്ടിക്കാട്ടി കമ്മിഷണർക്കും സൈബർ സെല്ലിനും പരാതി നൽകി.