covid

കുണ്ടറ: സെക്ടർ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ കുണ്ടറയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ അൻപതോളം കേസുകൾ രജിസ്റ്റർ ചെയ്തു. ഇളമ്പള്ളൂർ മുതൽ പള്ളിമുക്ക് വരെ ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

ജില്ലാ കളക്ടർ നിയോഗിച്ച സെക്ടർ ഓഫീസർമാരുടെ നേതൃത്വത്തിൽ പൊലീസ്, റവന്യു, ആരോഗ്യവകുപ്പ് അധികൃതരുടെ സംഘമാണ് പരിശോധന നടത്തിയത്. രാവിലെ 10ന് ആരംഭിച്ച പരിശോധന വൈകിട്ട് മൂന്നിന് അവസാനിച്ചു. ബാങ്കുകൾ, മത്സ്യസ്റ്റാളുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് പിഴചുമത്തുകയും താക്കീത് നൽകുകയും ചെയ്തു. മാസ്‌കുകൾ ധരിക്കാത്തവർക്കും മാസ്‌ക് താഴ്ത്തി വച്ചിരുന്നവർക്കും പിഴ ചുമത്തി.

വരുംദിവസങ്ങളിലും പരിശോധന തുടരും. താക്കീത് ലഭിച്ചിട്ടും മാനദണ്ഡങ്ങൾ പാലിക്കാതെ വ്യാപാരം തുടർന്നാൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് സെക്ടർ മജിസ്‌ട്രേറ്റുമാരായ എം. തോമസുകുട്ടി, എം. അഭിലാഷ് എന്നിവർ അറിയിച്ചു.