
കൊല്ലം: നിശ്ചിത സമയ പരിധിക്കുള്ളിൽ കൊവിഡ് പരിശോധനാ ഫലം നൽകാതെ ഗൾഫ് യാത്ര മുടക്കുന്ന നഗരത്തിലെ സ്വകാര്യ കൊവിഡ് പരിശോധനാ കേന്ദ്രത്തിനെതിരെ വ്യാപക പരാതി. വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് യാത്രാ അനുമതി കിട്ടാൻ നിശ്ചിത സമയ പരിധിക്കുള്ളിൽ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് അനിവാര്യമാണ്.
ആന്റിജൻ, ട്രൂനാറ്റ് പരിശോധനകളുടെ ഫലം വിദേശ യാത്രകളിൽ അംഗീകരിക്കാത്തതിനാൽ ആർ.ടി.പി.സി.ആർ ടെസ്റ്റാണ് നടത്തേണ്ടത്. ജില്ലയിലെ പാരിപ്പള്ളി മെഡിക്കൽ കോളേജ്, കൊല്ലം ജില്ലാ ആശുപത്രി ഉൾപ്പെടെ വിവിധ സർക്കാർ ആശുപത്രികളിൽ സൗജന്യമായി ആർ.ടി.പി.സി.ആർ ടെസ്റ്റിന് സൗകര്യമുണ്ടെങ്കിലും രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്നവർക്ക് മാത്രമേ അവിടെ പരിശോധന നടത്തുകയുള്ളൂ.
അതിനാൽ വലിയ തുക മുടക്കി കൊവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കാൻ നിർബന്ധിതരാവുകയാണ് പ്രവാസികൾ. ഇങ്ങനെ കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിക്ക് സമീപത്തുള്ള സ്വകാര്യ പരിശോധനാ കേന്ദ്രത്തെ ആശ്രയിച്ചവരാണ് ബുദ്ധിമുട്ടിലായത്. ഫോൺ വഴി മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന സമയത്താണ് പരിശോധനയ്‌ക്കായി എത്തുന്നത്. എന്നാൽ അനുവദിച്ച സമയത്ത് പരിശോധന നടത്താറില്ല. സമയക്രമം പാലിക്കാത്തതിനാൽ തിക്കും തിരക്കും പതിവാണ്. ഇത് രോഗ വ്യാപന സാദ്ധ്യതയ്ക്കും ഇടയാക്കുന്നു. സമയത്ത് പരിശോധനാ ഫലം ലഭിക്കാത്തതിനാൽ ഗൾഫ് യാത്ര പ്രതിസന്ധിയിലാകുമെന്ന വിഷമത്തിലായവർ ധാരാളമാണ്. സ്ഥാപനത്തിനെതിരെ ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും പരാതി നൽകാൻ ഒരുങ്ങുകയാണിവർ.
 സർക്കാർ ആശുപത്രികളിൽ സൗകര്യം ഒരുക്കണം
സ്വകാര്യ ലാബുകളിൽ 2,750 രൂപയാണ് ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് ഈടാക്കുന്നത്. ഗൾഫിലേക്ക് മടങ്ങുന്നവർ, സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയ, പ്രസവം എന്നിവയ്ക്ക് പ്രവേശിക്കുന്നവർ തുടങ്ങിയവർക്ക് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ സർക്കാർ ആശുപത്രികൾ തയ്യാറാകുന്നില്ല. വിവിധ ആവശ്യങ്ങൾക്ക് കൊവിഡ് പരിശോധനാ ഫലം വേണ്ടവർക്ക് പണം ഈടാക്കി വേഗത്തിൽ പരിശോധന നടത്തി ഫലം നൽകാൻ സർക്കാർ ആശുപത്രികളിൽ സൗകര്യം അനിവാര്യമാണ്.
 
''
കൊവിഡ് നിർണയത്തിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് മാത്രമാണ് ഏറ്റവും വിശ്വസനീയം. പല രാജ്യങ്ങലും ഈ ടെസ്റ്റ് മാത്രമേ അംഗീകരിക്കുന്നുള്ളൂ. കൊല്ലത്ത് പ്രത്യേകിച്ചും കേരളത്തിൽ പൊതുവേയും അതിനുള്ള സൗകര്യങ്ങൾ കുറവാണ്. അതുകൊണ്ട് തന്നെ പലരുടെയും വിദേശയാത്ര മുടങ്ങുന്നതടക്കമുള്ള ദൗർഭാഗ്യ സംഭവങ്ങൾ ഉണ്ടാകുന്നു. കുടുതൽ സൗകര്യം ഒരുക്കി ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം.
എൻ.കെ. പ്രേമചന്ദ്രൻ എം.പി
''
വിദേശത്ത് ജോലിക്കും പഠനത്തിനും പോകാനായി നിരവധി പേരാണ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾക്കായി പരക്കം പായുന്നത്. ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള ലാബ് സജ്ജമാക്കാൻ വലിയ സാമ്പത്തിക ചെലവുണ്ട്. എത്രകാലം ടെസ്റ്റിന് സാദ്ധ്യതയുണ്ടെന്ന സംശയം നിലനിൽക്കുന്നതിനാൽ സ്വകാര്യ സംരംഭകർ വ്യാപകമായി ഇതിന് തയ്യാറാകില്ല. സർക്കാർ ആശുപത്രികളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കണം. ലാബ് സജ്ജമാക്കാൻ തയ്യാറായുള്ള കൂടുതൽ സ്വകാര്യ സംരംഭകർക്കും അനുമതി നൽകണം.
ഡോ. ഡി. ശ്രീകുമാർ
ഐ.എം.എ ജില്ലാ കമ്മിറ്റി ചെയർമാൻ
''
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൃത്യസമയത്ത് ലഭിക്കാതെ പലരുടെയും ജോലി നഷ്ടമാകുന്നു. പരിശോധനകൾക്ക് സൗകര്യമൊരുക്കാത്ത സർക്കാർ ആയിരങ്ങളുടെ ഭാവി തകർക്കുകയാണ്. ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള സൗകര്യങ്ങൾ കൂടുതൽ സർക്കാർ ആശുപത്രികളിൽ ഒരുക്കണം. ചൂഷണം അവസാനിപ്പിക്കാൻ കൂടുതൽ സ്വകാര്യ ലാബുകൾക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള അനുമതി നൽകണം.
ആർ. അരുൺരാജ്, യൂത്ത്  കോൺഗ്രസ്  ജില്ലാ  പ്രസിഡന്റ്