workers

കൊല്ലം: മൺറോത്തുരുത്തിൽ വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം നിറുത്തിയ ഇഷ്ടിക കമ്പനിയിലെ തൊഴിലാളികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടത്തിവന്ന തൊഴിലാളി സമരം ഒത്തുതീർപ്പാക്കി. തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാൻ പഴയ തൊഴിലുടമ തയ്യാറായതോടെയാണ് സമരം അവസാനിപ്പിച്ചതെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു. പാർട്ടിയും കുടുംബവും തമ്മിലുള്ള ധാരണ പ്രകാരം 22 തൊഴിലാളികൾക്ക് 1.5 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും. തുക തൊഴിലാളികൾ വിതിച്ചെടുക്കും. കോടതി ചെലവുകൾക്ക് വേണ്ടിവന്ന 25,000 രൂപയും ഇതിന് പുറമെ ലഭിക്കും.

തങ്ങൾ കമ്പനി നടത്തിയിട്ടില്ലാത്തതിനാൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന നിലപാടിലായിരുന്ന വസ്തു ഉടമ പിറവന്തൂർ വെടിത്തിട്ട വന്മല വെള്ളത്തറയിൽ റുഖിയാ ബീവി. പത്ത് സെന്റ് വസ്തു വിറ്റപ്പോൾ നഷ്‌ടപരിഹാരം തേടി തൊഴിലാളികൾ സമരം തുടങ്ങിയിരുന്നു. വസ്തു വിൽക്കുമ്പോൾ നഷ്ടപരിഹാരം നൽകാമെന്നായിരുന്നു പഴയ ധാരണയെന്ന തൊഴിലാളികളുടെ നിലപാട് കുടുംബം അംഗീകരിച്ചിരുന്നില്ല. തുടർന്ന് എം.എൽ.എയും ജില്ലാ ലേബർ ഓഫീസറും ഇടപെട്ട് ചർച്ച നടത്തി. അവിടെയും പ്രശ്നം പരിഹരിക്കാതെ തർക്കം തുടരുന്നതിനിടെയാണ് ഇന്നലെ പാർട്ടിയും കുടുംബവും തമ്മിൽ നഷ്ടപരിഹാര കാര്യത്തിൽ ധാരണയിലെത്തിയത്.

 ഒത്തുതീർപ്പ് ഏറെനാളത്തെ സമരത്തിനൊടുവിൽ

2000ലാണ് മൺറോത്തുരുത്തിലെ പട്ടംതുരുത്തിൽ 1.33 ഏക്കർ ഭൂമി കെ.എം. ഷെറീഫ് ഭാര്യ റുഖിയാ ബീവിയുടെ പേരിൽ വാങ്ങിയത്. കടബാദ്ധ്യതകളെ തുടർന്ന് 2011ൽ ഷെറീഫ് ആത്മഹത്യ ചെയ്‌തു. ഇവിടെ ഉണ്ടായിരുന്ന ഇഷ്ടിക കമ്പനി ഇവർ ഏറ്റെടുത്ത് പ്രവർത്തിപ്പിച്ചിരുന്നുവെന്നും പ്രവർത്തനം നിറുത്തിയപ്പോൾ ജീവനക്കാർ നഷ്ടപരിഹാരം നൽകിയില്ലെന്നുമായിരുന്നു പാർട്ടിയുടെ ആരോപണം.

അതേസമയം എന്നെങ്കിലും വസ്തു വിൽക്കുമ്പോൾ നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പ് ലഭിച്ചിരുന്നുവെന്ന പാർട്ടി നിലപാട് വസ്തു ഉടമകൾ അംഗീകരിച്ചില്ല. ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാതെ വസ്തു വിൽപ്പന നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സി.പി.എമ്മിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ രംഗത്ത് വന്നത്.