kappal
കൊല്ലം പോർട്ടിൽ എത്തുന്ന ഹെവി ലിഫ്ട് വിഭാഗത്തിലെ ഹെംസ്‌ലിഫ്ട് നഡിൻ ചരക്ക് കപ്പൽ

 ഈ മാസം അവസാനമെത്തും

കൊല്ലം: രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കൊല്ലം പോർട്ടിലേക്ക് ചരക്ക് കപ്പൽ വരുന്നു. തുമ്പ ഇക്വട്ടോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിലിലേക്കുള്ള പ്രോജക്ട് കാർഗോയുമായാണ് കപ്പൽ അടുക്കുന്നത്. ഹെവി ലിഫ്ട് വിഭാഗത്തിൽ പെട്ട ഹെംസ്‌ലിഫ്ട് നഡിൻ എന്ന ചരക്ക് കപ്പലാണ് ഈ മാസം അവസാനം കൊല്ലത്ത് അടുക്കുക.

മുംബയിലെ നവഷെവ തുറമുഖത്ത് നിന്നാണ് പ്രോജക്ട് കാർഗോ കയറ്റുന്നത്. ഏകദേശം 800 ടൺ ഭാരം വരും. ചരക്ക് കൊണ്ടുവരുന്ന നെതർലൻഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ കപ്പലിന് 4400 മെട്രിക് ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. 112 മീറ്റർ നീളമുണ്ട്. 300 ടൺ ഭാരം വഹിക്കാൻ ശേഷി ഉള്ള രണ്ട് കൂറ്റൻ ക്രെയ്നുകൾ ഈ കപ്പലിൽ ഉണ്ട്. നെതർലാൻഡ് സ്വദേശിയായ ക്യാപ്ടൻ ഉൾപ്പെടെ 11 ജീവനക്കാർ കപ്പലിൽ ഉണ്ട്.

കപ്പലിൽ നിന്ന് ഉപകരണങ്ങൾ തുറമുഖത്ത് ഇറക്കിയ ശേഷം റോഡ് മാർഗമാകും തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുക. തുടർന്ന് കപ്പൽ കൊൽക്കത്തയിലേക്ക് മടങ്ങും.

2018 നവംബറിലാണ് കൊല്ലം പോർട്ടിൽ ഏറ്റവും ഒടുവിൽ ചരക്ക് കപ്പൽ എത്തിയത്. വിഴിഞ്ഞം പോർട്ട് നിർമ്മാണത്തിനുള്ള ഉപകരണങ്ങളുമായി എം.വി റജീൻ എന്ന കപ്പലാണ് അന്നെത്തിയത്. മൂന്ന് മാസം മുൻപ് ഐ.എസ്.ആർ.ഒക്കുള്ള ഉപകരണങ്ങൾ ബാർജിൽ കൊല്ലം പോർട്ടിൽ എത്തിച്ചിരുന്നു.

 സർവീസ് കോസ്റ്റൽ രജിസ്ട്രേഷനിൽ

കൊല്ലത്ത് എമിഗ്രേഷൻ പോയിന്റ് ഇല്ലാത്തതിനാൽ ജീവനക്കാർക്ക് പോർട്ടിൽ ഇറങ്ങാനാകില്ല. ഇവിടെ എമിഗ്രേഷൻ നടപടികൾ നടക്കാത്തതിനാൽ നവഷെവ തുറമുഖത്തിൽ വച്ച് കപ്പലിന്റെ വിദേശ ഫ്ളാഗ് മാറ്റി കോസ്റ്റൽ രജിസ്ട്രേഷനാക്കിയാണ് സർവീസ് നടത്തുന്നത്. കൊല്ലം ആസ്ഥാനമായുള്ള പാക്സ് ഷിപ്പിംഗ് കമ്പനിയാണ് കൊല്ലത്തേക്ക് കപ്പൽ എത്തിക്കുന്നത്. ഇതിന് മുൻപും കൊല്ലത്ത് വന്നിട്ടുള്ള ഹെവി ലിഫ്ട് കപ്പലുകളും ഇതേ ഏജൻസി തന്നെയാണ് കൊണ്ടുവന്നത്.

 എത്തിക്കുന്നത്: 800 ടൺ

 കപ്പലിന്റെ ശേഷി: 4,400 മെട്രിക് ടൺ

 നീളം: 112 മീറ്റർ

 കൂറ്റൻ ക്രെയ്നുകൾ: 2

 വഹിക്കാനുള്ള ശേഷി: 300 ടൺ

 ജീവനക്കാർ: 11

''

പ്രോജക്ട് കാർഗോ പോലെ കൂടുതൽ ഭാരമുള്ളവ വഹിക്കാൻ ശേഷിയുള്ള ക്രെയ്നുകൾ ഉള്ള കപ്പലുകൾ ഇന്ത്യയിലില്ല. അതിനാലാണ് ഉപകരണങ്ങൾ എത്തിക്കാൻ വിദേശ കപ്പൽ വാടകയ്ക്ക് എടുത്തത്.

ജോർജ് സേവ്യർ

ഡയറക്ടർ, പാക്സ് ഷിപ്പിംഗ്